ബംഗളൂരു: അഴിമതിയിലും വർഗീയതയിലും മുങ്ങിയ ബി.ജെ.പിയെ പടിയിറക്കി കർണാടകയിൽ ഭരണത്തിന് തുടക്കമിട്ട സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന് കഴിഞ്ഞ നാലു വർഷത്തിനിടെ ബി.ജെ.പി സർക്കാർ നടപ്പാക്കിയ എല്ലാ ജനദ്രോഹ നിയമങ്ങളും ഉത്തരവുകളും ഉടൻ പിൻവലിക്കുകയെന്നത് വെല്ലുവിളിയാവും. ഗോവധ നിരോധനം, മതപരിവർത്തന നിരോധനം തുടങ്ങി വർഗീയ അജണ്ടകളോടെ ബി.ജെ.പി നടപ്പാക്കിയ നിയമങ്ങൾ പെട്ടെന്ന് പിൻവലിക്കാൻ കോൺഗ്രസിന് കഴിയില്ല. വിവാദ നിയമങ്ങളിൽ സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ബിൽ നിയമസഭയിലും ഉപരിസഭയിലും പാസാവണം. 135 അംഗങ്ങളുള്ള കോൺഗ്രസിന് നിയമസഭയിൽ ബിൽ പാസാക്കാനായാലും ഉപരിസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ ജെ.ഡി-എസ് അംഗങ്ങളുടെ പിന്തുണ വേണ്ടിവരും.
അതിനാൽ, നിയമ ഭേദഗതികളിൽ ജെ.ഡി-എസ് നിലപാട് നിർണായകമാവും. നേരത്തേ ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും ലക്ഷ്മൺ സവാദിയടക്കം ചില എം.എൽ.സിമാർ സ്ഥാനാർഥിത്വത്തെച്ചൊല്ലി രാജിവെച്ചിരുന്നു. ഇതോടെ ഉപരിസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ലെന്നതാണ് സ്ഥിതി. 75 അംഗ ഉപരിസഭയിൽ ചെയർമാനെ കൂടാതെ ബി.ജെ.പി- 34, കോൺഗ്രസ്- 26, ജെ.ഡി-എസ് -എട്ട്, സ്വതന്ത്രൻ- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. അഞ്ചു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. വരാനിരിക്കുന്ന കൗൺസിൽ തെരഞ്ഞെടുപ്പുകൾ പരിഗണിച്ചാൽ, കോൺഗ്രസിന് ഉപരിസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാൻ ചുരുങ്ങിയത് 2024 ജൂൺ വരെ കാത്തിരിക്കണം.
അഞ്ചിന സാമൂഹിക ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് വോട്ടുതേടിയ കോൺഗ്രസ്, ആദ്യ മന്ത്രിസഭ യോഗത്തിൽതന്നെ ഇവ പാസാക്കിയിരുന്നു. സദാചാര ഗുണ്ടായിസവും പൊലീസിലെ കാവിവത്കരണവും അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പാഠപുസ്തകങ്ങളിൽ കാവി അജണ്ടകൾ തിരുകിക്കയറ്റിയതിന്റെ പേരിൽ ബി.ജെ.പി സർക്കാർ രൂക്ഷവിമർശനമാണ് നേരിട്ടത്. പാഠപുസ്തക പരിഷ്കരണത്തിന് പുറമെ, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയ കർണാടകയിൽ അതിനെ കോൺഗ്രസ് സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും പ്രധാനമാണ്.
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം വിദ്യാഭ്യാസ വകുപ്പ് ഉത്തരവുമൂലം നടപ്പാക്കിയതായതിനാൽ പിൻവലിക്കുന്നതിന് കാലതാമസമുണ്ടാവില്ല. മുസ്ലിം സംവരണം പുനഃസ്ഥാപിക്കാൻ സംവരണ പരിധി ഉയർത്തുക എന്നതാണ് കോൺഗ്രസ് കാണുന്ന പരിഹാരമാർഗം. ഇത് നിയമനടപടികളിലേക്ക് നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.