ബംഗളൂരു: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് ജെ.ഡി.എസ് മുൻ സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിമിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു ബുധനാഴ്ച തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുത്തതിനാണ് നടപടി. അച്ചടക്കം ലംഘിച്ചതിന് ആറ് വർഷത്തേക്കാണ് നടപടിയെന്ന് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ വെള്ളിയാഴ്ച നൽകിയ നോട്ടീസിൽ പറയുന്നു. ജെ.ഡി.എസ്-ബി.ജെ.പി സഖ്യം എതിർക്കുന്നവരുടെ യോഗമാണ് നാണു വിളിച്ചത്. എൻ.ഡി.എയിൽ ചേരാനുള്ള ജനതാദൾ എസിന്റെ തീരുമാനത്തെ എതിർത്തതിനാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഈയടുത്ത് സി.എം. ഇബ്രാഹിമിനെ നീക്കിയത്.
സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ മകനും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയെ പ്രസിഡന്റാക്കി അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു. മുമ്പ് കോൺഗ്രസിലായിരുന്ന സി.എം. ഇബ്രാഹിം 2022 മാർച്ചിലാണ് ജെ.ഡി.എസിൽ ചേരുന്നതും സംസ്ഥാന പ്രസിഡന്റാകുന്നതും. എൻ.ഡി.എ പ്രവേശനത്തെ തുടക്കം മുതൽ എതിർത്തിരുന്നു. താനാണ് സംസ്ഥാന പ്രസിഡന്റെന്നും അടിസ്ഥാന ആശയമായ ‘മതേതരത്വം’ മുറുകെ പിടിക്കുന്ന യഥാർഥ ജെ.ഡി.എസ് തന്റേതാണെന്നും പ്രഖ്യാപിച്ച് അനുയായികളുടെ യോഗം ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.