ബംഗളൂരു: കർണാടകയിൽ ജെ.ഡി.എസിന് വീണ്ടും തിരിച്ചടി. പാർട്ടിയുടെ രണ്ട് മുൻ എം.എൽ.എമാരും നിരവധി പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. മുൻ ജെ.ഡി.എസ് എം.എൽ.എമാരായ ആർ. മഞ്ജുനാഥ്, ഡി.സി. ഗൗരി ശങ്കർ എന്നിവരാണ് നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം ബുധനാഴ്ച കോൺഗ്രസിൽ ചേർന്നത്.
ജെ.ഡി.എസിൽനിന്നും ബി.ജെ.പിയിൽനിന്നും കൂടുതൽ നേതാക്കൾ കോൺഗ്രസിലെത്തുമെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു. ക്യൂൻസ് റോഡിലെ കോൺഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
ജെ.ഡി.എസ് വിട്ടുപോകാതിരിക്കാൻ എം.എൽ.എമാരെ ഒരുമിച്ച് ഹാസനിലെത്തിച്ച് വിശ്വാസം ഉറപ്പിക്കുന്ന നടപടികൾ സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി സ്വീകരിക്കുന്നതിനിടെയാണ് മുൻ എം.എൽ.എമാർ പാർട്ടി വിട്ടത്. ദാസറഹള്ളി മണ്ഡലം മുൻ എം.എൽ.എയാണ് ആർ. മഞ്ജുനാഥ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുനിരാജുവാണ് ഇദ്ദേഹത്തെ 9,000 വോട്ടിന് പരാജയപ്പെടുത്തിയത്.
ബംഗളൂരു അർബൻ ജില്ലയിലെ മണ്ഡലമായ ദാസറഹള്ളിയിലെ പ്രധാന നേതാവായ മ ഞ്ജുനാഥിന്റെ വരവ് വരുന്ന ബി.ബി.എം.പി തെരഞ്ഞെടുപ്പിലടക്കം കോൺഗ്രസിന് കരുത്താകുമെന്നാണ് കരുതുന്നത്. ഗൗരി ശങ്കർ 2008ലാണ് തുമകുരു ജില്ലയിലെ മധുഗിരി മണ്ഡലത്തിൽനിന്ന് എം.എൽ.എയായത്. തുടർന്ന് തുമകുരു റൂറൽ മണ്ഡലത്തിൽനിന്ന് മൽസരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2018 ൽ വിജയിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സുരേഷ് ഗൗഡയോട് 5000 വോട്ടിന് തോറ്റു.
അഴിമതി കേസിൽ കഴിഞ്ഞ മാർച്ചിൽ ഇദ്ദേഹത്തെ കർണാടക ഹൈകോടതി അയോഗ്യനാക്കിയിരുന്നു. എന്നാൽ വിധി കോടതി പിന്നീട് സ്റ്റേ ചെയ്തു. ഭരണകക്ഷിയായ കോൺഗ്രസിലേക്ക് ഇരുപാർട്ടികളിൽനിന്നും കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞിരുന്നു. മുൻ എം.എൽ.എമാർ പാർട്ടി വിട്ടത് ജെ.ഡി.എസിന് തിരിച്ചടിയാണ്. ഇതിന് മുമ്പും നിരവധി നേതാക്കൾ കോൺഗ്രസിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.