ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ പ്രധാന മൂന്നാംകക്ഷിയായ ജെ.ഡി-എസിന്റെ രണ്ടാം സ്ഥാനാർഥി പട്ടിക വെള്ളിയാഴ്ച പുറത്തുവിട്ടു. 49 പേരുള്ള പട്ടികയിൽ ഹാസൻ സീറ്റിൽ ഭവാനി രേവണ്ണയില്ല. ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മൂത്തമകനും ഹൊളെ നരസിപുർ എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയുടെ ഭാര്യയായ ഭവാനി ഹാസൻ സീറ്റ് ആവശ്യപ്പെട്ടിരുന്നു.
ഹാസൻ സീറ്റ് ഭവാനിക്ക് നൽകാനാവില്ലെന്നും അത് ഗൗഡ കുടുംബത്തിന് പുറത്തുള്ളയാൾക്ക് നൽകുമെന്നും പാർട്ടി നിയമസഭ കക്ഷി നേതാവും ദേവഗൗഡയുടെ രണ്ടാമത്തെ മകനുമായ എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. സീറ്റിനെചൊല്ലി തർക്കമുയർന്നതോടെ ഹാസനിൽ സ്വതന്ത്രയായി മത്സരിക്കാനുള്ള നീക്കത്തിലായിരുന്നു ഭവാനി. എന്നാൽ, സീറ്റിനെ ചൊല്ലി കുടുംബത്തിൽ കലഹമില്ലെന്നും രേവണ്ണയുടെ ആശീർവാദത്തോടെയാണ് രണ്ടാം പട്ടിക തയാറാക്കിയതെന്നും കുമാരസ്വാമി പ്രതികരിച്ചു.
രേവണ്ണക്കു പുറമെ, ജെ.ഡി-എസ് കർണാടക അധ്യക്ഷൻ സി.എം. ഇബ്രാഹിമും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഹാസൻ സീറ്റ് മുൻ മന്ത്രി എച്ച്.എസ്. പ്രകാശിന്റെ മകൻ എച്ച്.പി. സ്വരൂപിനാണ് അനുവദിച്ചത്. ആഴ്ചകൾക്ക് മുമ്പെ ജെ.ഡി-എസ് വിട്ട് കോൺഗ്രസിലെത്തിയ മുൻ എം.എൽ.എ വൈ.എസ്.വി ദത്ത, കോൺഗ്രസ് സീറ്റ് അനുവദിക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം ജെ.ഡി-എസിൽ തിരിച്ചെത്തിയിരുന്നു. ഇദ്ദേഹത്തിന് കാടൂർ സീറ്റ് അനുവദിച്ചു. ബി.ജെ.പി വിട്ട് ജെ.ഡി-എസിലെത്തിയ മുൻ എം.എൽ.എ എ. മഞ്ജുവിനെയും പട്ടികയിൽ ഉൾപ്പെടുത്തി.
രണ്ടു ഘട്ടങ്ങളിലായി 142 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. നഞ്ചൻകോഡ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ ദർശൻ ധ്രുവനാരായണക്കെതിരെ സ്ഥാനാർഥിയെ നിർത്തില്ലെന്ന് അറിയിച്ചിരുന്നു. ദർശന്റെ പിതാവും കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമായിരുന്ന ധ്രുവനാരായണ, ഭാര്യ വീണ എന്നിവർ ഒരു മാസത്തിനിടെ മരിച്ചിരുന്നു. ഇനി 81 സീറ്റുകളിൽകൂടി ജെ.ഡി-എസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.