കർണാടക മന്ത്രിസഭ വികസനം: നേതാക്കളിൽ അതൃപ്തി പുകയുന്നു

ബംഗളൂരു: കർണാടകയിൽ മന്ത്രിസഭ വികസനം പൂർത്തിയായെങ്കിലും നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയു​ടെയും ഉപമുഖ്യമന്ത്രി ഡി.​കെ. ശിവകുമാറിന്റെയും അനുയായികൾക്കു പുറമെ സാമുദായിക പരിഗണനകൂടി വന്നതോടെ പല പ്രമുഖ നേതാക്കളും മന്ത്രി പട്ടികയിൽ പുറത്തായി.

വ്യാഴാഴ്ച നടന്ന അന്തിമ ചർച്ചയിലാണ് പട്ടിക മാറിമറിഞ്ഞത്. മന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്ന 68 കാരനായ ബി.കെ. ഹരിപ്രസാദിനെ അവസാന ഘട്ട ചർച്ചയിൽ വെട്ടി. നാലു പതിറ്റാണ്ടായുള്ള രാഷ്ട്രീയ പ്രവർത്തനത്തിനിടെ ഒരിക്കൽ പോലും മന്ത്രിയായിട്ടില്ലാത്ത ഹരിപ്രസാദിനായി ഡി.കെ. ശിവകുമാർ വാദിച്ചെങ്കിലും സിദ്ധരാമയ്യ എതിർത്തു. പ്രതിഷേധ സൂചകമായി ഉപരിസഭയിലെ പ്രതിപക്ഷ നേതൃപദവിയും അംഗത്വവും ഒഴിയാൻ ബി.കെ. ഹരിപ്രസാദ് സന്നദ്ധത പ്രകടിപ്പിച്ചു.

ഇടക്കാല സ്പീക്കറായി സേവനമനുഷ്ഠിച്ച, ഒമ്പതു തവണ എം.എൽ.എയായ ആർ.വി. ദേശ്പാണ്ഡെയും അവഗണിക്കപ്പെട്ടു. മന്ത്രി പദവി കണ്ടാണ് സ്പീക്കർ സ്ഥാനം അദ്ദേഹം ഏറ്റെടുക്കാതിരുന്നത്. ജെ.ഡി-എസിലെ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി എച്ച്.ഡി. ദേവഗൗഡയോട് കലഹിച്ച് പടിയിറങ്ങിയ മുതിർന്ന വൊക്കലിഗ നേതാവ് ശിവലിംഗ ഗൗഡയെയും ഉൾപ്പെടുത്തിയില്ല. ദുഃഖമുണ്ടെന്നും ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, 2021 ജൂലൈയിൽ ജെ.ഡി-എസ് വിട്ട് കോൺഗ്രസിലെത്തിയ മധു ബംഗാരപ്പയെ മന്ത്രി പട്ടികയിലുൾപ്പെടുത്തി. സിദ്ധരാമയ്യയാണ് മധുവിനെ പിന്തുണച്ചത്. 2017ൽ സിദ്ധരാമയ്യയുടെ ചരടുവലിയിൽ ജെ.ഡി-എസിൽനിന്ന് കോൺഗ്രസിലെത്തിയ സമീർ അഹമ്മദ് ഖാനെയും എൻ. ചലുവരായ സ്വാമിയെയും അദ്ദേഹം സംരക്ഷിച്ചു.

ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ മുതിർന്ന ലിംഗായത്ത് നേതാക്കളായ ജഗദീഷ് ഷെട്ടർ, ലക്ഷ്മൺ സവാദി എന്നിവരെ പരിഗണിച്ചില്ല. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ജഗദീഷ് ഷെട്ടറിനെ എം.എൽ.സിയാക്കിയ ശേഷം മന്ത്രിപദവി നൽകുമെന്നായിരുന്നു അഭ്യൂഹം. എസ്.സി വിഭാഗമായ ബൻജാര പ്രതിനിധി രുദ്രപ്പ ലാമണിയെ മന്ത്രിയാക്കാത്തതിനെതിരെ ബൻജാര സമുദായം പ്രതിഷേധത്തിലാണ്. സമുദായത്തിലെ 75 ശതമാനം വോട്ടും ഇത്തവണ കോൺഗ്രസിനാണ് നൽകിയതെന്ന് അവർ ചൂണ്ടിക്കാട്ടിയ അവർ കെ.പി.സി.സി ഓഫിസിന് മുന്നിൽ പ്രതിധേിച്ചു. മുൻ മന്ത്രി തൻവീർ സേട്ടിനെ അവഗണിച്ചതിൽ കോൺഗ്രസ് പ്രവർത്തകർ മൈസൂരുവിൽ ധർണ നടത്തി. എന്നാൽ, മന്ത്രിസഭ വികസനത്തിൽ നേതാക്കൾക്ക് അതൃപ്തിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിസ്ഥാനം ലഭിക്കാത്തവർ തന്നെപോലെ ക്ഷമയോടെ കാത്തിരിക്കണമെന്ന് ഡി.​കെ. ശിവകുമാറും പ്രതികരിച്ചു.

Tags:    
News Summary - Karnataka Cabinet: Dissatisfaction among leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.