ബംഗളൂരു: നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘സ്മാര്‍ട്ട് സിറ്റി’ പദ്ധതി അന്തിമഘട്ടത്തിലാണെന്നും മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്നാൽ, അടിമുടി പദ്ധതി പ്രവർത്തനങ്ങളിൽ അഴിമതിയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
2018ല്‍ തുടങ്ങിയ പദ്ധതി രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാല്‍, കോവിഡ് സാഹചര്യത്തില്‍ പദ്ധതി നീണ്ടുപോവുകയായിരുന്നു. കോവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചാണ് വിവിധ പ്രദേശങ്ങളില്‍ പണി പൂര്‍ത്തിയാക്കിയത്. സര്‍ക്കാറിന്‍റെ കീഴില്‍ രൂപവത്കരിച്ച ബംഗളൂരു സ്മാര്‍ട്ട് സിറ്റി ലിമിറ്റഡ് എന്ന കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
റോഡുകളുടെ വികസനം, പാര്‍ക്കുകളുടെ നിര്‍മാണം, പൊതുശൗചാലയങ്ങളുടെ നിര്‍മാണം, കുടിവെള്ള വിതരണ പദ്ധതികള്‍ തുടങ്ങിയവയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ റോഡുകളുടെ നവീകരണ പ്രവൃത്തി 90 ശതമാനവും പൂര്‍ത്തിയായി. റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ പാര്‍ക്കിങ് സൗകര്യമുള്‍പ്പെടെ ഒരുക്കിയാണ് നഗരത്തിലെ പ്രധാന റോഡുകളെല്ലാം നവീകരിച്ചത്. ക്യു.ആര്‍ കോഡ് സ്‌കാൻ ചെയ്ത് പണമടച്ച ശേഷമാണ് ഇത്തരം പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ കഴിയുക.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം ആധുനിക സങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഇവ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാകുന്നവിധം ക്രമീകരിക്കുകയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. വിവിധ പ്രദേശങ്ങളില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാധുനിക സൗകര്യങ്ങളുള്ള പൊതുശൗചാലയങ്ങളും നിര്‍മിച്ചിട്ടുണ്ട്. സ്വയം വൃത്തിയാക്കുന്ന ഇത്തരം ശൗചാലയങ്ങള്‍ നഗരത്തിലെത്തുന്ന സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്.
സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സുരക്ഷിതമായി നിക്ഷേപിക്കാനുള്ള സൗകര്യവും ഇത്തരം ശൗചാലയങ്ങളിലുണ്ട്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പാര്‍ക്കുകള്‍ ഓപണ്‍ ജിം മാതൃകയിലാണ് വികസിപ്പിക്കുന്നത്. നടവഴികളും കുടിവെള്ളം ലഭിക്കാനുള്ള സംവിധാനവും ഇത്തരം പാര്‍ക്കുകളിലുണ്ടാകും.
തങ്ങളുടെ അഭിമാന പദ്ധതി എന്ന നിലയിലാണ് ‘സ്മാര്‍ട്ട് സിറ്റി’ പദ്ധതിയെ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നതെങ്കിലും വ്യാപക ക്രമക്കേടുകളാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. റോഡ് വികസനത്തിന് മാത്രമായി 450 കോടി രൂപയാണ് പദ്ധതിയനുസരിച്ച് ചെലവിട്ടത്. എന്നാല്‍, ഇത്രയും തുകയുടെ പ്രവൃത്തി കാണാന്‍ കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാറുമായി ബന്ധപ്പെട്ടവര്‍ 40 ശതമാനം കമീഷന്‍ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന പദ്ധതികളില്‍ ‘സ്മാര്‍ട്ട് സിറ്റി’ പദ്ധതിയും ഉള്‍പ്പെടുന്നുണ്ട്.
ആം ആദ്മി പാര്‍ട്ടിയും പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ആകെ 1000 കോടി രൂപയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ നീക്കിവെച്ചത്. 44 പ്രവൃത്തികളില്‍ 30 എണ്ണവും ഇതിനോടകം പൂര്‍ത്തിയായെന്നാണ് സർക്കാർ പറയുന്നത്. മാര്‍ച്ചിനുള്ളില്‍ ബാക്കിയുള്ള പദ്ധതികളും പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.