മംഗളൂരു: കർണാടക സംസ്ഥാന ഒളിമ്പിക്സ്-2025 അടുത്ത മാസം 16 മുതൽ 23 വരെ ഉഡുപ്പിയിൽ നടക്കുമെന്ന് ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ.കെ. വിദ്യാകുമാരി അറിയിച്ചു. ജില്ല സ്റ്റേഡിയം, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷൻ (മഹെ) സ്പോർട്സ് കോംപ്ലക്സ് എന്നിവിടങ്ങളിൽ 13ലധികം കായിക ഇനങ്ങളിലായി 3,500ലധികം കായികതാരങ്ങൾ പങ്കെടുക്കും. കായികതാരങ്ങൾ, ഉദ്യോഗസ്ഥർ, റഫറിമാർ എന്നിവർക്കുള്ള താമസം, ഭക്ഷണം, മറ്റ് അവശ്യ സൗകര്യങ്ങൾ എന്നിവയുടെ ക്രമീകരണങ്ങൾ ഡെപ്യൂട്ടി കമീഷണർ ഓഫിസിൽ ചേർന്ന യോഗം ചർച്ച ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
മത്സര വേദികളും ഇനങ്ങളും: മഹെ സ്പോർട്സ് കോംപ്ലക്സ്: ലോൺ ടെന്നിസ്, ടേബിൾ ടെന്നിസ്, ബാഡ്മിന്റൺ, ഹോക്കി. ജില്ല സ്റ്റേഡിയം: അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബാൾ, കബഡി, തൈക്വാൻഡോ, വോളിബാൾ.കായികതാരങ്ങൾക്ക് അസൗകര്യം ഇല്ലെന്ന് ഉറപ്പുവരുത്താനും ഗെയിംസിന് ആവശ്യമായ മൈതാനങ്ങൾ ഒരുക്കാനും ഡെപ്യൂട്ടി കമീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യോഗത്തിൽ ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ, ചീഫ് പ്ലാനിങ് ഓഫിസർ ഉദയ് കുമാർ ഷെട്ടി, വ്യവസായ ജോയന്റ് ഡയറക്ടർ നാഗരാജ് വി. നായക്, യുവജന ശാക്തീകരണ കായിക വകുപ്പ് അസി. ഡയറക്ടർ ഡോ. റോഷൻ കുമാർ ഷെട്ടി, ഡി.ഡി.പി.ഐ ഗണപതി, കുടുംബക്ഷേമ ഓഫിസർ ഡോ. ഐ.പി. ഗദാദ്, ജില്ല ഇൻഫർമേഷൻ ഓഫിസർ ബി. മഞ്ജുനാഥ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.