ബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാനായി എൻ.കെ. മുഹമ്മദ് ഷാഫി സഅദി തുടരും. ഷാഫി സഅദിയടക്കം നാലുപേരുടെ നാമനിർദേശം റദ്ദാക്കി തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു.
പുതിയ ഉത്തരവ് വരുന്നതുവരെ നാലുപേരും വഖഫ് ബോർഡിൽ തുടരുമെന്നാണ് ബുധനാഴ്ച പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ പറയുന്നത്. ബി.ജെ.പി സർക്കാറാണ് കർണാടക മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഷാഫി സഅദി, മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫിസർ സെഹറ നസീം എന്നിവരെ വഖഫ് ബോർഡിലേക്ക് നാമനിർദേശം ചെയ്തത്. 10 അംഗങ്ങളിൽ ബാക്കി ആറുപേർ വിവിധ കാറ്റഗറികളിലായി തെരഞ്ഞെടുക്കപ്പെട്ടവരാണ്.
ബി.ജെ.പി സർക്കാറിന്റെ കാലത്ത് കർണാടക സർക്കാറിന്റെ വിവിധ കോർപറേഷനുകൾ, ബോർഡുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ശിപാർശകളും നിയമനങ്ങളും സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റയുടൻ ഉത്തരവിലൂടെ റദ്ദാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വഖഫ് ബോർഡിലെ ബി.ജെ.പി ശിപാർശകളും റദ്ദാക്കിയത്. എന്നാൽ, ഉത്തരവിന് പിന്നാലെ ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന അഭ്യർഥനയുമായി ഷാഫി സഅദി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ചെന്നുകണ്ടിരുന്നു. സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായ മന്ത്രി സമീർ അഹമ്മദ് ഖാന്റെ പിന്തുണയും ഷാഫി സഅദിക്കുണ്ട്. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട യു.ടി. ഖാദറിന്റെ നാട്ടുകാരൻകൂടിയാണ് ഷാഫി സഅദി.
ഇത്തരത്തിൽ സമ്മർദം ചെലുത്തിയാണ് ഉത്തരവ് തൽക്കാലം പിൻവലിപ്പിച്ചതെന്നാണ് വിവരം. ബി.ജെ.പിയിൽ മുൻ റവന്യൂ മന്ത്രി ആർ. അശോകയുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ചാണ് വഖഫ് ബോർഡിലേക്ക് ശിപാർശ പ്രകാരം എത്തിയത്. 2021 നവംബർ 17ന് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഷാഫി സഅദി കോൺഗ്രസ് പിന്തുണയുണ്ടായിരുന്ന ആസിഫ് അലി ഷെയ്ക്ക് ഹുസൈനെ പരാജയപ്പെടുത്തിയതോടെ അദ്ദേഹത്തിന്റെ വിജയം തങ്ങളുടെകൂടി വിജയമായി അന്ന് ബി.ജെ.പി ആഘോഷിച്ചിരുന്നു.
പിന്നീട് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ മുസ്‍ലിം എം.എൽ.എക്ക് ഉപമുഖ്യമന്ത്രിപദം എന്ന ആവശ്യം അദ്ദേഹമുയർത്തിയത് ബി.ജെ.പി കേന്ദ്രങ്ങൾ സർക്കാറിനെതിരായ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. മറ്റു മുസ്‍ലിം സംഘടനകളോട് കൂടിയാലോചിക്കാതെയുള്ള ഷാഫി സഅദിയുടെ നടപടിക്കെതിരെ വിമർശനമുയർന്നിരുന്നു. വഖഫ് ബോർഡിലെ അദ്ദേഹത്തിന്റെ കാലാവധി അടുത്ത വർഷം തീരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.