ബംഗളൂരു: അടിസ്ഥാനപരമായ മാനവികതയുടെ പ്രശ്നങ്ങളെ മനസ്സിലാക്കി അവക്ക് വേണ്ടി ശബ്ദമുയർത്തിയ പ്രതിഭയാണ് കുമാരനാശാനെന്ന് എഴുത്തുകാരൻ സുധാകരൻ രാമന്തളി പറഞ്ഞു. വനിത ദിനത്തോടനുബന്ധിച്ചു സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോണിന്റെ സാഹിത്യ വിഭാഗമായ സാഹിതിയുടെ നേതൃത്വത്തിൽ ‘കുമാരനാശാൻ കവിതകളിലെ സ്ത്രീസങ്കൽപം’എന്ന വിഷയത്തിൽ കാവ്യദർശനം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഞാനും നിങ്ങളും ഉപയോഗിക്കുന്ന അതേ ഭാഷ ആശാൻ തന്റെ കൃതികളിൽ ഉപയോഗിക്കുമ്പോൾ, വാക്കുകളെ പരസ്പരം കൂട്ടിമുട്ടിക്കുമ്പോൾ, സർഗാത്മകതയുടെ അഗ്നിയുണരുന്നു. ഒരു മഹാകവിയുടെ കൃതികൾ സൃഷ്ടിക്കപ്പെടുമ്പോൾ നമ്മുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളും സ്പർശിക്കപ്പെടും. സ്നേഹത്തെപ്പറ്റി അടിസ്ഥാനമായും മൗലികമായും പാടിയ കവി വേറെയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊത്തന്നൂർ സമാജം ഓഫിസിൽ നടന്ന പരിപാടി പ്രശസ്ത എഴുത്തുകാരി കെ. കവിത ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ ആർ.വി. ആചാരി, യുവ എഴുത്തുകാരൻ ദിലീപ് മോഹൻ എന്നിവർ സംസാരിച്ചു.
തുടർന്ന് കഥയരങ്ങും കവിയരങ്ങും നടന്നു. സാഹിതി ചെയർപേഴ്സൻ അർച്ചന സുനിൽ അധ്യക്ഷതവഹിച്ചു. സെക്രട്ടറി അനിൽ മിത്രാനന്ദപുരം, സോൺ ചെയർമാൻ ടോണി കടവിൽ, കൺവീനർ ദിവ്യ രാജ് , ജില്ല പ്രസിഡന്റ് സന്തോഷ് തൈക്കാട്ടിൽ, സെക്രട്ടറി എസ്. മഞ്ജുനാഥ്, ഫിനാൻസ് കൺവീനർ അനീഷ് മറ്റം, എഴുത്തുകാരായ രമ പ്രസന്ന പിഷാരടി, രുഗ്മിണി സുധാകരൻ, സൗദ റഹ്മാൻ, ജിബു, നവീൻ എസ്., എം.ബി മോഹൻദാസ്, എൻ.ആർ. ബാബു, കെ.കെ. പ്രേംരാജ്, സലിം കുമാർ, രഞ്ജിനി, സുദേവൻ പുത്തൻചിറ, ബി.എസ്. ഉണ്ണികൃഷ്ണൻ, ഗീത പി., റമീസ്, ശാന്തൻ എലപ്പുള്ളി, രതി സുരേഷ്, ജഗത കല്യാണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.