ബംഗളൂരു: സ്വകാര്യ വ്യക്തികൾക്ക് ഫോൺകാൾ വിവരങ്ങൾ (സി.ഡി.ആർ) ചോർത്തി നൽകി പണം വാങ്ങിയ സംഭവത്തിൽ പൊലീസ് കോൺസ്റ്റബ്ൾ അടക്കം രണ്ടുപേർ കൂടി അറസ്റ്റിൽ. ബംഗളൂരു പൊലീസിലെ കോൺസ്റ്റബ്ൾ മുനിരത്ന, നാഗേശ്വര റാവു എന്നിവരാണ് അറസ്റ്റിലായതെന്ന് ക്രൈം വിഭാഗം ജോയന്റ് കമീഷണർ ഡോ. ചന്ദ്രഗുപ്ത അറിയിച്ചു. സി.ഡി.ആർ വിവരങ്ങൾ കൈമാറിയതിലൂടെ 20 ലക്ഷം സമ്പാദിച്ചതായി കണ്ടെത്തി.
ഇയാളുടെ ബാങ്ക് അക്കൗണ്ടും ഫോൺ വിശദാംശങ്ങളും കേസന്വേഷിക്കുന്ന സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) സംഘം പരിശോധിച്ചു. പൊതുജനങ്ങളുടെ ഫോൺ വിളിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചില സെക്യൂരിറ്റി ഏജൻസികൾ ഉപയോഗിക്കുന്നതായ പരാതിയെ തുടർന്ന് മേയ് 22നാണ് സി.സി.ബി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഏതാനും പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് പൊലീസ് കോൺസ്റ്റബ്ളിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചത്. സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ കർണാടകക്ക് പുറത്താണ് കഴിയുന്നതെന്നും ജോയന്റ് കമീഷണർ ഡോ. ചന്ദ്രഗുപ്ത അറിയിച്ചു.
അറസ്റ്റിലായ മുനിരത്നയെ കൂടാതെ വേറെയും പൊലീസുകാർ സി.ഡി.ആർ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും വൈകാതെ അവർ പിടിയിലാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.