ബംഗളൂരു:പുണെ-ബംഗളൂരു ദേശീയപാതയിൽ ബെളഗാവിയിൽ മഹാരാഷ്ട്ര രജിസ്ട്രേഷൻ വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ മഹാരാഷ്ട്ര ആർ.ടി.സി കർണാടകയിലേക്കുള്ള ബസ് സർവിസുകൾ നിർത്തിവെച്ചു.
ബെളഗാവി അതിർത്തിയിൽ കർണാടക രക്ഷണ വേദികെ പ്രവർത്തകരാണ് മഹാരാഷ്ട്രയിൽനിന്നുള്ള വാഹനങ്ങൾക്കുനേരെ അക്രമം നടത്തിയത്. ആറു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടതായും പരാതിയുയർന്നു. ബെളഗാവി ഹിരെ ബാഗെവാഡി ടോൾ പ്ലാസ പരിസരത്താണ് അക്രമം അരങ്ങേറിയത്. അനിഷ്ടസംഭവങ്ങളെ തുടർന്ന്, മഹാരാഷ്ട്ര മന്ത്രിമാരുടെ ബെളഗാവി സന്ദർശനം റദ്ദാക്കി. മഹാരാഷ്ട്രയിൽനിന്നുള്ള ജനപ്രതിനിധികൾ ബെളഗാവിയിൽവെച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതിയുമായി കൂടിക്കാഴ്ച നടത്താനിരുന്നത് കർണാടക സർക്കാറിനെ പ്രകോപിപ്പിച്ചിരുന്നു. മഹാ ജനപ്രതിനിധികളുടെ ബെളഗാവി സന്ദർശനത്തിന് സർക്കാർ അനുമതി റദ്ദാക്കുകയും ചെയ്തു.
മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീൽ, ശംഭുരാജ് ദേശായി, എം.പിയായ ധൈര്യശീൽ മാനെ എന്നിവരാണ് ബെളഗാവി സന്ദർശിക്കാനിരുന്നത്. ഇത് റദ്ദാക്കി ബെളഗാവി ജില്ല മജിസ്ട്രേറ്റ് നിതേഷ് പാട്ടീൽ ഉത്തരവിറക്കിയതിനു പിന്നാലെ മഹാരാഷ്ട്രയിൽനിന്നുള്ള മുഴുവൻ റോഡുകളിലും കർണാടക പൊലീസ് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു.
അക്രമത്തെ തുടർന്ന് കർണാടക രക്ഷണ വേദികെ നേതാവ് ടി.എ. നാരായണ ഗൗഡ അടക്കം 100ലേറെ പ്രവർത്തകരെ പൊലീസ് ഹിരെ ബാഗെവാഡിയിൽ കസ്റ്റഡിയിലെടുത്തു. തുടർന്നാണ് ചരക്കു വാഹനങ്ങളടക്കമുള്ളവക്കുനേരെ കല്ലേറുണ്ടായത്. ആക്രമികൾ നമ്പർ പ്ലേറ്റുകളിൽ മഷിയൊഴിക്കുകയും ചില്ലുകൾ തകർക്കുകയും ചെയ്തു. ഈ വാഹനങ്ങളുടെ മുകളിൽ കയറി കന്നട പതാകകളും കെട്ടി. അതേസമയം, പുണെയിൽ കർണാടക ആർ.ടി.സി വാഹനങ്ങൾക്കുനേരെയും അക്രമം അരങ്ങേറി. കർണാടക ബസുകളുടെ നെയിം പ്ലേറ്റ് മഷി ഉപയോഗിച്ച് മായ്ച്ച ശിവസേന പ്രവർത്തകർ ബസിനു പുറത്ത് 'ജയ് മഹാരാഷ്ട്ര' എന്നെഴുതി.
ബെളഗാവിയിൽ നടന്ന സംഭവങ്ങളിൽ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബൊമ്മൈ പ്രതികരിച്ചു. മഹാരാഷ്ട്രയിൽനിന്നു വരുന്ന വാഹനങ്ങൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുമെന്നും ബൊമ്മൈ ഫഡ്നാവിസിന് ഉറപ്പുനൽകി.
സംഘർഷ സാധ്യത കണക്കിലെടുത്ത് അതിർത്തി ഗ്രാമങ്ങളിൽ കർണാടക, മഹാരാഷ്ട്ര പൊലീസ് പട്രോളിങ് ശക്തമാക്കി. മഹാരാഷ്ട്രയുടെ അതിർത്തി ഗ്രാമമായ കോലാപുരിൽ ശിവസേന പ്രവർത്തകർ തെരുവിലിറങ്ങി. മഹാരാഷ്ട്ര വാഹനങ്ങൾക്കെതിരായ ആക്രമണത്തിൽ ബെളഗാവിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
മഹാരാഷ്ട്ര വാഹനങ്ങൾക്കുനേരെ അക്രമം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബെളഗാവി ജില്ല ഭരണാധികാരികൾക്ക് പരാതി നൽകാനെത്തിയ മഹാരാഷ്ട്ര ഏകീകരൺ സമിതി (എം.ഇ.എസ്) പ്രവർത്തകരെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു.
അതിർത്തിയിലുണ്ടായ സംഘർഷ സാഹചര്യത്തിന് കർണാടക മുഖ്യമന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവനകളാണ് കാരണമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിലെ ജനം ക്ഷമ പാലിക്കുകയാണെന്നും ബൊമ്മൈ പ്രകോപനം തുടർന്നാൽ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും പവാർ ആവശ്യപ്പെട്ടു. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഗൂഢാലോചനയാകാം ഇപ്പോഴത്തെ സംഭവവികാസങ്ങൾക്കു പിന്നിലെന്നും ചുണ്ടിക്കാട്ടിയ അദ്ദേഹം, പ്രശ്നങ്ങൾ 48 മണിക്കൂറിനകം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ താനടക്കമുള്ള മഹാരാഷ്ട്ര നേതാക്കൾ ബെളഗാവിയിലേക്ക് പുറപ്പെടുമെന്നും മുന്നറിയിപ്പ് നൽകി.
എന്നാൽ, മഹാരാഷ്ട്ര മന്ത്രിമാരും എം.പിയും ബെളഗാവി സന്ദർശനം റദ്ദാക്കിയത് അവർക്ക് മറ്റു പരിപാടികളുള്ളതുകൊണ്ടാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. എന്തുവിലകൊടുത്തും കന്നടികരുടെ ക്ഷേമം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.