ബംഗളൂരു: വനപാതകളിലൂടെയുള്ള യാത്രകളിൽ ചില യാത്രക്കാർ നടത്തുന്ന നിയമലംഘനങ്ങൾ മറ്റു യാത്രക്കാരുടെ ജീവനുകൂടി ഭീഷണിയാവുന്നു. ബന്ദിപ്പൂർ, മുത്തങ്ങ, മുതുമല വനങ്ങളിലൂടെ കടന്നുപോകുന്ന പ്രധാന പാതകളിൽ വനമേഖലയിൽ വാഹനം നിർത്തുന്നതും മൃഗങ്ങളുടെ ഫോട്ടോയെടുക്കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ, ഇരു പാതയിലും ഇത് പതിവുകാഴ്ചയാണ്.
കഴിഞ്ഞ ദിവസം മൈസൂരു -ഊട്ടി പാതയിൽ ബന്ദിപ്പൂരിൽ മലയാളി യാത്രക്കാരന്റെ കാറിനുനേരെ കൊമ്പനാന ആക്രമിക്കാനായി ഓടിയടുത്തു. ഭാഗ്യം കൊണ്ടാണ് ഇയാൾ രക്ഷപ്പെട്ടത്. എതിരെ വന്ന കർണാടക രജിസ്ട്രേഷനിലുള്ള കാറിലെ യാത്രക്കാരൻ ഫോട്ടോയെടുക്കാൻ വാഹനം നിർത്തി ആനക്കൂട്ടത്തെ പ്രകോപിപ്പിച്ചതാണ് ആക്രമണത്തിനിടയാക്കിയതെന്ന് രക്ഷപ്പെട്ട കാറിലെ യാത്രക്കാരൻ കോട്ടക്കൽ സ്വദേശി എ.പി. അനീസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ബൊമ്മസാന്ദ്ര ജിഗനിയിൽ ഇലക്ട്രോണിക്സ് കമ്പനി ജീവനക്കാരനായ ഇദ്ദേഹം കഴിഞ്ഞ ദിവസം വൈകീട്ട് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വാഹനത്തിൽ സുഹൃത്തും സുഹൃത്തിന്റെ രണ്ടു മക്കളുമാണ് കൂടെയുണ്ടായിരുന്നത്. വൈകീട്ട് ആറോടെ ഇവർ ബന്ദിപ്പൂർ -മുതുമല പാതയിലെത്തി.
ഈ സമയം റോഡരികിൽ മൂന്നിടത്ത് ആനക്കൂട്ടത്തെ കണ്ടിരുന്നു. എന്നാൽ, അവയൊന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നില്ല. എന്നാൽ, മുതുമല വനാതിർത്തിയിലേക്ക് കടന്ന ശേഷം മറ്റൊരു ആനക്കൂട്ടത്തെ കണ്ടു. ഈ സമയം എതിരെ വന്ന കർണാടക രജിസ്ട്രേഷനിലുള്ള കാർ യാത്രക്കാരൻ കാർ നിർത്തി ഫോട്ടോയെടുക്കാൻ ശ്രമിച്ചു.
കൂട്ടത്തിലെ കൊമ്പനാന പ്രകോപിതനായി കാറിനുനേരെ ചീറിയടുത്തു. അപകടം മുന്നിൽക്കണ്ട് ഇയാൾ വേഗത്തിൽ വാഹനമോടിച്ചു പോയി.
ഇതോടെ മലയാളി യാത്രക്കാരന്റെ കാർ ആനയുടെ മുന്നിൽപെട്ടു. ചീറിയടുത്ത ആനയിൽനിന്ന് രക്ഷപ്പെടാൻ വണ്ടി വേഗത്തിൽ പുറകോട്ടെടുക്കുകയായിരുന്നെന്നും ഭാഗ്യത്തിന് പിന്നിൽ മറ്റു വാഹനങ്ങളില്ലാത്തതിനാൽ തങ്ങൾ വൻ അപകടത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നെന്നും അനീസ് പറഞ്ഞു.
മയിലും മാൻകൂട്ടവും ആനക്കൂട്ടവും കാട്ടുപോത്തുകളും വനപാതയോരങ്ങളിൽ തീറ്റതേടുന്നത് പതിവുകാഴ്ചയാണ്. ഇവയെ കാണാനും ഫോട്ടോയും വിഡിയോയും പകർത്താനുമായി വാഹനങ്ങൾ നിർത്തിയിടരുതെന്നാണ് വന നിയമം.
ഇത് ലംഘിക്കുന്നവർക്ക് കനത്ത പിഴയും നിയമം ശിപാർശ ചെയ്യുന്നു. വനപാതകളിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങളിൽനിന്ന് യൂസർ ഫീ എന്ന പേരിൽ പണം പിരിക്കാൻ ജാഗ്രത കാണിക്കുന്ന കർണാടക വനംവകുപ്പ്, ഇത്തരം നിയമലംഘനം പതിവാകുമ്പോഴും കാര്യമായ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.