ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ബി.എസ്.പി സ്ഥാനാർഥികൾക്കായി പാർട്ടി അധ്യക്ഷ മായാവതി പ്രചാരണത്തിനെത്തും. ബംഗളൂരു നഗരത്തിലെ പുലികേശി നഗർ, ഗാന്ധിനഗർ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കായാണ് മേയ് അഞ്ചിന് മായാവതി വോട്ടുതേടുക. പുലികേശി നഗറിലെ ബി.എസ്.പി സ്ഥാനാർഥി ദലിത് നേതാവായ അഖണ്ഡ ശ്രീനിവാസ മൂർത്തി 2018ൽ കോൺഗ്രസ് ടിക്കറ്റിൽ സംസ്ഥാനത്തെ റെക്കോഡ് ഭൂരിപക്ഷത്തിന് വിജയിച്ചയാളാണ്. ആകെ വോട്ടായ 125030ൽ 97574 വോട്ടും (77.18 ശതമാനം) അദ്ദേഹം നേടിയിരുന്നു. എന്നാൽ, മണ്ഡലത്തിലെ ഡി.ജെ ഹള്ളി, കെ.ജി ഹള്ളി കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി പത്രിക നൽകിയ മൂർത്തി, പിന്നീട് ബി.എസ്.പിയിലേക്ക് മാറുകയാണുണ്ടായത്. അക്രമത്തിനും തീവെപ്പിനും വഴിവെച്ച പ്രവാചക നിന്ദ പോസ്റ്റിട്ടത് എം.എൽ.എയുടെ സഹോദരീ പുത്രനായ പി. നവീനായിരുന്നു. അക്രമികൾ പൊലീസ് സ്റ്റേഷനുപുറമെ, എം.എൽ.എയുടെ വീടിനും തീയിട്ടിരുന്നു. നവീന്റെ അറസ്റ്റ് അദ്ദേഹം ആവശ്യപ്പെട്ടില്ല എന്നതായിരുന്നു പ്രകോപന കാരണം. ദലിത് സ്വാധീനമുള്ള മണ്ഡലമാണ് പുലികേശി നഗർ.
ഗാന്ധിനഗറിൽ കൃഷ്ണയ്യ ഷെട്ടിയാണ് ബി.എസ്.പി സ്ഥാനാർഥി. 2018ൽ ജെ.ഡി-എസുമായി സഖ്യംചേർന്ന് മത്സരിച്ച ബി.എസ്.പി കർണാടകയിൽ ആദ്യമായി നിയമസഭാംഗത്വം നേടിയിരുന്നു. ചാമരാജ് നഗറിലെ കൊല്ലെഗൽ മണ്ഡലത്തിൽ എൻ. മഹേഷായിരുന്നു വിജയിച്ചത്. എന്നാൽ, പിന്നീട് ഇദ്ദേഹം ബി.ജെ.പിയിലേക്ക് ചേക്കേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.