ബംഗളൂരു: എല്ലാ വർഷവും റമദാനിൽ കരുതലിന്റെ ഭക്ഷണക്കിറ്റുകൾ ഒരുക്കി മാതൃകയാവുകയാണ് ടാണറി റോഡിലെ ഡി.ജെ ഹള്ളിയിലെ മിസ്ബാഹുൽ ഹുദ എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ്. 25 വർഷമായി മുടങ്ങാതെ അർഹരായ ആളുകൾക്ക് കിറ്റുകൾ എത്തിക്കുന്നുണ്ട് ട്രസ്റ്റ് പ്രവർത്തകർ. ഹെഗ്ഡെ നഗർ, നാഗവാര, സാരയപാളയം, ഗാന്ധിനഗർ, കെ.ജി. ഹള്ളി, വെങ്കടേഷ്പുരം, ലിംഗരാജപുരം, ടാണറി റോഡ്, ഡി.ജെ ഹള്ളി, കാവൽ ബൈരസാന്ദ്ര എന്നിവിടങ്ങളിലെ നിരവധി കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. വീടുകൾ സന്ദർശിച്ച് തീർത്തും അർഹർ എന്ന് കണ്ടെത്തിയവർക്കാണ് കിറ്റുകൾ നൽകുന്നത്. ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് കഴിയാനുള്ള എല്ലാ തരം ഭക്ഷണസാധനങ്ങളും ഉൾപ്പെടുന്നതാണ് കിറ്റ്. അരി, ആട്ട, മൈദ, പരിപ്പ്, പഞ്ചസാര, ചായപ്പൊടി, ഓയിൽ, നെയ്യ്, സേമിയം തുടങ്ങിയ 18 ഇനങ്ങളാണുള്ളത്. പെരുന്നാളിന് പായസമടക്കം ഒരുക്കാനുള്ള സാധനങ്ങളും കിറ്റിലുണ്ട്. ആദ്യകാലത്ത് 600 കുടുംബങ്ങൾക്കാണ് കിറ്റുകൾ എത്തിച്ചിരുന്നത്. പിന്നീട് തീർത്തും അർഹരായവരെ മാത്രം കണ്ടെത്തി വിവിധ പ്രദേശങ്ങളിലേക്ക് വിതരണം വ്യാപിപ്പിച്ചു. ഇത്തവണത്തെ വിതരണം എം.ഇ.സി.ടി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് കെ. മഹ്മൂദ് ഹാജി ഉദ്ഘാടനം ചെയ്തു.
ഡി.ജെ. ഹള്ളി, ടാണറി റോഡ്, ഗോവിന്ദപുര, ഷാംപുർ റോഡ്, ഗാന്ധിനഗർ, നാഗവാര, സാരയപാളയ, ഹെഗ്ഡെ നഗർ, ഇഷ്ടിക ഫാക്ടറി തുടങ്ങിയ മേഖലകളിൽ ട്രസ്റ്റ് പ്രവർത്തകർ സർവേ നടത്തി തിരഞ്ഞെടുത്ത 350ഓളം പേർക്കാണ് ഇത്തവണ കിറ്റ് നൽകിയത്.
ട്രസ്റ്റ് പ്രസിഡന്റ് കെ. മഹ്മൂദ് ഹാജിയുടെ നേതൃത്വത്തിൽ, ജോയന്റ് സെക്രട്ടറി പി.എം. മുഹമ്മദ് അലി, ട്രസ്റ്റിമാരായ അയ്യൂബ്, ഇസ്മായിൽ ഖാൻ, യൂത്ത് വിങ് ഭാരവാഹികളായ അബ്ദുൽ അസീസ്, ഉസ്മാൻ, ടി.കെ. ബഷീർ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ട്രസ്റ്റിന് കീഴിൽ മദ്റസ, പള്ളി, എട്ടാം ക്ലാസ് വരെയുള്ള സ്കൂൾ എന്നിവ നടത്തുന്നുണ്ട്. പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.