മംഗളൂരു: വ്യവസായിയും മുൻ എം.എൽ.എ ബി.എ. മുഹ്യിദ്ദീൻ ബാവയുടെ സഹോദരനുമായ ബി.എം. മുതാസ് അലിയെ (52) ദുരൂഹ സാഹചര്യത്തിൽ ഫൽഗുനി പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി 14 ദിവസം കൂടി നീട്ടി. ഹണിട്രാപ്പിന്റെയും ബ്ലാക്ക് മെയിലിങ്ങിന്റെയും ഇരയായി കഴിഞ്ഞ മാസം ആറിനാണ് അലി ഫൽഗുനി പുഴയിൽ ചാടി ജീവനൊടുക്കിയത്.
മുഹ്യിദ്ദീൻ ബാവ ചെയർമാനായ മിസ്ബാഹ് എജുക്കേഷൻ ട്രസ്റ്റിന് കീഴിലെ കോളജ് ജീവനക്കാരിയായിരുന്ന ഒന്നാം പ്രതി ആയിശ എന്ന റഹ്മത്ത്, ഭർത്താവ് കൃഷ്ണപൂർ സ്വദേശി ശുഐബ്, കാട്ടിപ്പള്ള ബൊളാജെയിലെ അബ്ദുൽ സത്താർ, നന്താവരയിലെ കലന്തർ ഷാ, കൃഷ്ണപൂരിലെ മുഹമ്മദ് മുസ്തഫ, മുഹമ്മദ് സിറാജ് സലാം എന്നിവരാണ് പ്രതികൾ. ഒക്ടോബർ ആറിന് പുലര്‍ച്ച അഞ്ചോടെ ദേശീയപാത 66ലെ കുളൂര്‍ പാലത്തിന് മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ മുംതാസ് അലിയുടെ ആഢംബര കാര്‍ കണ്ടെത്തിയിരുന്നു.
മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിന് സമീപത്തുണ്ടായിരുന്നു. കുടുംബ വാട്സ്ആപ് ഗ്രൂപ്പില്‍ പുലര്‍ച്ച മുംതാസ് അലി ബ്യാരി ഭാഷയിൽ അയച്ച സന്ദേശത്തിൽ ജീവനൊടുക്കുകയാണെന്ന സൂചനയുണ്ടായിരുന്നു. പുലര്‍ച്ച മൂന്നോടെ മുംതാസ് അലി വീടുവിട്ടതായാണ് മകള്‍ പൊലീസിന് നൽകിയ മൊഴി.
ഒക്ടോബർ എട്ടിന് പുഴയിൽനിന്ന് മൃതദേഹം കണ്ടെടുത്തു. ഒന്നാം പ്രതിക്ക് മുംതാസ് അലി നൽകിവന്ന സാമ്പത്തിക സഹായം മറയാക്കി അദ്ദേഹത്തെ ഹണിട്രാപ്പിൽ കുടുക്കി ബ്ലാക്ക് മെയിൽ ചെയ്ത് പ്രതികൾ 75 ലക്ഷം രൂപ കൈക്കലാക്കിയിരുന്നതായാണ് പരാതി. 50 ലക്ഷംകൂടി ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിങ് തുടരുന്നതിനിടെയാണ് ദുരൂഹ മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.