ബംഗളൂരു: ചിക്കബെല്ലാപൂർ താലൂക്കിലെ ഗുന്തപ്പനഹള്ളി വില്ലേജിൽ ഗർഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അംബേദ്കർ നഗറിൽ താമസിക്കുന്ന അനുഷയാണ് (28) മരിച്ചത്. യുവതി എട്ടുമാസം ഗർഭിണിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എട്ടു വർഷം മുമ്പ് ഹോസകോട്ടെ സ്വദേശിയുമായി വിവാഹിതയായ യുവതിക്ക് ഒരു മകളുണ്ടായിരുന്നു. എന്നാൽ, ഭർത്താവിന് പക്ഷാഘാതം വന്നതോടെ അനുഷ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. കൂലിപ്പണി ചെയ്തുവരുന്നതിനിടെ അനുഷ ഗുന്തപ്പനഹള്ളി സ്വദേശിയായ പവനുമായി പരിചയപ്പെട്ട് സൗഹൃദത്തിലായി. വിവാഹം കഴിക്കണമെന്ന് അനുഷ പവനിൽ സമ്മർദം ചെലുത്തിയെങ്കിലും ജാതി വ്യത്യാസവും മുൻ വിവാഹവും ചൂണ്ടിക്കാട്ടി അനുഷയെ സ്വീകരിക്കാൻ പവന്റെ വീട്ടുകാർ തയാറായില്ല.
പവൻ തന്നെ ഭക്ഷണത്തിൽ എലിവിഷം കലർത്തി കൊലപ്പെടുത്താൻ രണ്ടാഴ്ച മുമ്പ് ശ്രമിച്ചതായി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ശേഷം ഇവർ ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്.
സംഭവദിവസം രാത്രി ഇരുവരും മദ്യം കഴിച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് അനുഷ ആത്മഹത്യ ചെയ്ത വിവരം പവൻ പൊലീസിനെ അറിയിച്ചത്. ചിക്കബെല്ലാപൂർ റൂറൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.