ബംഗളൂരു: നഗരത്തിൽ വിവിധ വാർഡുകളിൽ നമ്മ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു. ചൊവ്വാഴ്ച മഹാലക്ഷ്മി ലേഔട്ടിലെ മഹാലക്ഷ്മി പുര വാർഡിൽ നടന്ന ചടങ്ങിൽ നമ്മ ക്ലിനിക്കുകളുടെ ബംഗളൂരുവിലെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർവഹിച്ചു.
ആരോഗ്യ മന്ത്രി ഡോ.കെ. സുധാകർ, മന്ത്രിമാരായ കെ. ഗോപാലയ്യ, നാരായണ ഗൗഡ, അശ്വത് നാരായൺ തുടങ്ങിയവർ സംസാരിച്ചു. 108 ക്ലിനിക്കുകളാണ് ബംഗളൂരു നഗരത്തിൽ പ്രവർത്തിക്കുക. എല്ലാ ക്ലിനിക്കുകളും ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചതായി ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.
ഡിസംബർ 14ന് നടന്ന ചടങ്ങിൽ സംസ്ഥാനത്ത് 100 നമ്മ ക്ലിനിക്കുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. നഗരപരിധിയിലെ ചേരിനിവാസികൾ, ദിവസക്കൂലിക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തുടങ്ങിയവർക്ക് പ്രാഥമികാരോഗ്യ സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം.
മെഡിക്കൽ ഓഫിസർ, നഴ്സ്, ലാബ് ടെക്നീഷ്യൻ, ഗ്രൂപ് ഡി ജീവനക്കാരൻ എന്നിവരടങ്ങിയ ഒരു ക്ലിനിക്കിൽ 12 ഇനം ആരോഗ്യസേവനങ്ങൾ ലഭിക്കും. ആകെ 150 കോടി രൂപ ചെലവിലാണ് പദ്ധതി. മിക്ക ക്ലിനിക്കുകളും സർക്കാർ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുക. ആകെ 438 ക്ലിനിക്കുകളാണ് സംസ്ഥാനത്തുടനീളം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.
ദേശീയ നഗര ആരോഗ്യ മിഷന് കീഴിൽ നിലവിൽ ഓരോ അര ലക്ഷം പേർക്കും ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്ന നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് ധനകാര്യ കമീഷനിൽനിന്നുള്ള ഗ്രാന്റ് ഉപയോഗപ്പെടുത്തി 15,000- 20,000 പേർക്ക് ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്ന നിലയിൽ നഗരത്തിൽ തുറക്കാനാണ് തീരുമാനം.
സംസ്ഥാനത്തെ 438 ക്ലിനിക്കുകളിൽ 243 എണ്ണം ബംഗളൂരു കോർപറേഷൻ പരിധിയിലും 195 എണ്ണം മറ്റു ജില്ലകളിലും പ്രവർത്തിക്കും. ഇതിന്റെ ആദ്യ ഘട്ടമായാണ് 108 ക്ലിനിക്കുകൾ ആരംഭിച്ചത്.
പ്രസവചികിത്സ, പ്രസവാനന്തര ചികിത്സ, നവജാതശിശുക്കൾക്കുള്ള ചികിത്സ, കുട്ടികൾക്കും പ്രായപൂർത്തിയായവർക്കുമുള്ള ചികിത്സ, പ്രതിരോധ കുത്തിവെപ്പ്, കുടുംബക്ഷേമം, ഗർഭനിരോധന ചികിത്സ, പകർച്ചവ്യാധി ചികിത്സ, പ്രാഥമികവും ചെറുതുമായ രോഗങ്ങൾക്കുള്ള ചികിത്സ, പ്രമേഹം, രക്തസമ്മർദം, ദീർഘകാലരോഗം, വായരോഗങ്ങൾ തുടങ്ങിയവക്കുള്ള ചികിത്സസൗകര്യങ്ങളാണ് നമ്മ ക്ലിനിക്കുകളുടെ പ്രത്യേകത.
തുടർചികിത്സ ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യും. സ്തനാർബുദം, ഗർഭാശയ അർബുദം, നേത്ര രോഗം തുടങ്ങിയവയുള്ളവരെ തുടർ-വിദഗ്ധ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യും. പ്രായമായവർക്കുള്ള പരിചരണം, അടിയന്തര ആരോഗ്യസേവനങ്ങൾ, വിവിധ ആരോഗ്യപരിശോധനകൾ, മരുന്നുകൾ എന്നിവ പൂർണമായും സൗജന്യമാകും. 14 ലാബ് പരിശോധനകൾ, ഓൺലൈൻ പരിശോധനകൾ, ആരോഗ്യ പരിശീലനങ്ങൾ എന്നിവ സൗജന്യ നിരക്കിലും ലഭ്യമാണ്.
ചില ഗ്രാമീണ മേഖലയിൽ ഡോക്ടർമാരെ ലഭിക്കാൻ പ്രയാസം നേരിടുന്നതിനാൽ മെഡിക്കൽ പഠനം പൂർത്തിയാക്കുന്ന ഡോക്ടർമാർക്കുള്ള നിർബന്ധിത ഗ്രാമീണസേവനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ‘കർണാടക കമ്പൽസറി ട്രെയ്നിങ് സർവിസ് ബൈ കാൻഡിഡേറ്റ്സ് കംപ്ലീറ്റഡ് മെഡിക്കൽ കോഴ്സസ് ആക്ട് 2012 ’ പ്രകാരം ഇവരുടെ സേവനം ഉപയോഗപ്പെടുത്തും.
കർണാടകയിൽനിന്ന് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ബിരുദ- ബിരുദാനന്തര ബിരുദ വിദ്യാർഥികൾ വിവിധ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ഒരു വർഷം നിർബന്ധമായും സേവനം ചെയ്യണമെന്നാണ് ഈ നിയമം അനുശാസിക്കുന്നത്.
കർണാടക ഭരണ പരിഷ്കാര കമീഷന്റെ റിപ്പോർട്ട് പരിഗണിച്ച്, സംസ്ഥാനത്തെ നഴ്സിങ് വിദ്യാർഥികൾക്ക് സർക്കാർ മേഖലയിൽ ഒരു വർഷത്തെ സേവനം നിർബന്ധമാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ബി.എസ്സി നഴ്സിങ്, ജി.എൻ.എം ഡിേപ്ലാമ വിദ്യാർഥികളെ നിർബന്ധിത സേവനത്തിനായി ഒരു വർഷത്തേക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ നിയമിക്കുകയാണ് വേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.
നഗരങ്ങളിലെ പി.എച്ച്.സികൾ, സി.എച്ച്.സികൾ എന്നിവിടങ്ങളിലാകട്ടെ ഇത്തരക്കാരുടെ 45 ശതമാനം ഒഴിവുകളും നികത്തെപ്പടാതെ കിടക്കുകയാണ്. എന്നാൽ, നിർബന്ധിത സേവനത്തിനെതിരെ മെഡിക്കൽ വിദ്യാർഥികളുടെ പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.