‘വിഷപ്പാമ്പി’ൽ പിടിച്ചുകയറി മോദി

ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ ‘വിഷപ്പാമ്പ്’ പ്രയോഗം കർണാടക തെരഞ്ഞെടുപ്പിൽ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച കർണാടകയിലെ ബിദറിലും വിജയപുരയിലും നടന്ന റാലികളിൽ തനിക്കെതിരായ കോൺഗ്രസ് പരാമർശങ്ങളെ വികാരത്തിൽ ചാലിച്ചായിരുന്നു മോദി അവതരിപ്പിച്ചത്. 91 തവണ തനിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മഹാന്മാരായ വ്യക്തികൾ കോൺഗ്രസിന് ഇരയായിട്ടുണ്ടെന്ന് പറഞ്ഞു. ഭരണഘടന ശിൽപിയായ ​അംബേദ്കറെ രാക്ഷസൻ, രാജ്യദ്രോഹി, വഞ്ചകൻ എന്നിങ്ങനെ കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിച്ചിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ പ്രതിപക്ഷ നേതാവ് ‘ലിംഗായത്ത് കള്ളൻ’ എന്നു വിളിപ്പിച്ചത് എടുത്തുപറഞ്ഞ മോദി, ലിംഗായത്ത് സഹോദരങ്ങളെ കള്ളനെന്ന് വിളിക്കാൻ കോൺഗ്രസ് ധൈര്യം കാണിച്ചെന്നും കുറ്റപ്പെടുത്തി. ദലിത്- പിന്നാക്ക വിഭാഗങ്ങളും ലിംഗായത്തുകളും ഏറെയുള്ള മേഖലയിലായിരുന്നു ശനിയാഴ്ച മോദിയുടെ പ്രചാരണം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ തുടങ്ങിയ നേതാക്കളും കൂടെയുണ്ടായിരുന്നു.

വൈകീട്ട് ബംഗളൂരുവിലെത്തിയ മോദി ബംഗളൂരുവിൽ അഞ്ചു കിലോമീറ്റർ റോഡ് ഷോ സംഘടിപ്പിച്ചു. ഞായറാഴ്ച ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമിക്കെതിരെ ചന്നപട്ടണയിൽ മോദി റാലി നയിക്കും. തുടർന്ന് മൈസൂരു- ബംഗളൂരു എക്സ്പ്രസ് വേയിൽ റോഡ്ഷോയിൽ പ​ങ്കെടുക്കും.

കോൺഗ്രസി​ന്റെ തിരിച്ചുവരവ് പ്രവചിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ പിന്നിലായ ബി.ജെ.പിക്ക് അടിക്കാൻ വടി നൽകിയ പോലെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ ‘വിഷപ്പാമ്പ്’ പരാമർശമെന്ന് രാഷ്ട്രീയ വിലയിരുത്തൽ. ബി.ജെ.പിക്കെതിരെ പ്രചാരണത്തിന് ആവശ്യത്തിന് കോപ്പ് കൈയിലുണ്ടെന്നിരിക്കെ, വ്യക്തിപരമായ പരാമർശങ്ങളിലേക്ക് നീങ്ങിയത് പ്രചാരണ ദിശ മാറ്റി. ബി.ജെ.പി സർക്കാറിന്റെ അഴിമതിയും ന്യൂനപക്ഷ വിരുദ്ധതയും വർഗീയതയും ഉയർത്തിക്കാട്ടി കോൺഗ്രസ് പ്രചാരണം നയിക്കവെ പരാജയ ഭീതിയിലായ ബി.ജെ.പി കേന്ദ്രത്തിലെ മുഴുവൻ ശേഷിയും ഉപയോഗിച്ചാണ് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്. ഇതിനിടെയാണ് കോൺഗ്രസ് നേതാക്കളുടെ പരാമർശങ്ങൾ ബി.ജെ.പി മറുമരുന്നായി ഉപയോഗിക്കുന്നത്.

കർണാടകയിൽ ഗദകിലെ റോണിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് ഖാർഗെ വിവാദ പരാമർശം നടത്തിയത്. ‘മോദി വിഷപ്പാമ്പിനെ പോലെയാണ്. അതു വിഷമുള്ളതാണോ അല്ലയോ എന്ന് പരീക്ഷിക്കാൻ ശ്രമിക്കേണ്ട. അതു രുചിച്ചാൽ നിങ്ങൾ മരിക്കും.’- ഖാർഗെ പറഞ്ഞു. ഇതിനെതിരെ ബി.ജെ.പി ശക്തമായി രംഗത്തുവന്നപ്പോൾ അദ്ദേഹം, പരാമർശം പിൻവലിക്കുന്നതിന് പകരം, മോദിയെയല്ല ബി.ജെ.പിയെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തത വരുത്തുകയായിരുന്നു. എന്നാൽ, ഇതിന് മറുപടിയായി ബി.ജെ.പിയുടെ ബെളഗാവിയിൽനിന്നുള്ള എം.എൽ.എ അൽപം കടന്നാണ് പ്രതികരിച്ചത്. കൊപ്പാലിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ, കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ‘വിഷകന്യ’ എന്നാണ് യത്നാൽ വിളിച്ചത്. സോണിയ ഗാന്ധിക്കെതിരായ പരാമർശത്തിൽ കോൺഗ്രസും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

Tags:    
News Summary - Narendra modi election campaign in karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.