ബംഗളൂരു: വീട് വാടകക്ക് കൊടുക്കുമ്പോള്‍ വാടകക്കാരന്റെ വിശദമായ വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണമെന്നും പൊലീസ് ആവശ്യപ്പെടുമ്പോൾ നൽകണമെന്നും സിറ്റി പൊലീസ് കമീഷണര്‍ രമേഷ് പറഞ്ഞു. അല്ലാത്തപക്ഷം വാടകക്കാരന് നിയമവിരുദ്ധമായി ചെയ്യുന്ന പ്രവൃത്തികള്‍ക്ക് വീട്ടുടമസ്ഥന്കൂടി ബാധ്യസ്ഥനായിരിക്കും എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മംഗളൂരു സ്ഫോടന കേസില്‍ പ്രതിയായ മുഹമ്മദ് ഷാരിഖ് കുറച്ചുനാളായി മൈസൂരുവിലെ ലോകനായക നഗരയില്‍ വീട് വാടകക്കെടുത്ത് താമസിച്ചിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കമീഷണര്‍ വീട്ടുടമസ്ഥന് നിര്‍ബന്ധമായും പാലിക്കേണ്ട നിർദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
വീട്ടുടമസ്ഥന് വാടകക്കാരന്റെ വ്യക്തമായ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ ഫോറം കുടുംബാംഗങ്ങളുടെ എണ്ണം, ജോലി, നാട് എന്നിവ പൂരിപ്പിച്ച് ഡിസംബറിന് മുമ്പായി തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നൽകണം.
ഹോട്ടലുകളില്‍ റൂമുകള്‍ താമസത്തിനു നല്‍കുന്നതിനുമുമ്പ് വരുന്നവരുടെ ഐ.ഡി കാര്‍ഡ് നിര്‍ബന്ധമായും വാങ്ങണം. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ വ്യാജരേഖകള്‍ ഇക്കാലത്ത് സുലഭമായതിനാല്‍ സംശയാസ്പദമായ രീതിയില്‍ എന്തെങ്കിലും കണ്ടെത്തിയാൽ ഏതുസമയത്തും പൊലീസിന്റെ സേവനം തേടണമെന്നും അദ്ദേഹം അറിയിച്ചു.
വീട്ടുജോലിക്കാരുടെ മുന്‍വിവരങ്ങൾ കണ്ടെത്തുന്നതിനായി ഒരു സംവിധാനം നിലവിലുണ്ട്. വീട്ടുടമസ്ഥന്റെ അഭ്യര്‍ഥനപ്രകാരം നിശ്ചിത തുകയടച്ചാല്‍ വീട്ടുജോലിക്കാരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നതായിരിക്കും. ഇതേ രീതിയില്‍ വീട്ടുടമസ്ഥന് താമസക്കാരന്റെ വിവരങ്ങള്‍ പൊലീസിനോട് പങ്കുവെക്കുന്നതോടെ അവരുടെ ആവശ്യാര്‍ഥം പൊലീസ് നിരീക്ഷണം ആരംഭിക്കും. കർണാടകയിലെ ഒമ്പത് അതിര്‍ത്തികളിലും രാത്രികാല നിരീക്ഷണത്തിനായി സിവില്‍ പൊലീസിനെയും സിറ്റി ആംഡ് റിസര്‍വ് പൊലീസിനെയും വിന്യസിച്ചതായി കമീഷണര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.