ബംഗളൂരു: യാദ്ഗിര്‍ ജില്ല ആശുപത്രിയില്‍ ഡോക്ടര്‍ക്ക് കൈക്കൂലി നല്കാന് കഴിയാതിരുന്നതിനെത്തുടര്‍ന്ന് യുവതിയുടെ ശസ്ത്രക്രിയ വൈകിയതോടെ ഗര്‍ഭസ്ഥശിശു മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം. പ്രസവവേദനയനുഭവപ്പെട്ടതിനെത്തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാദ്ഗിര്‍ സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളോട് 10,000 രൂപയാണ് ഗൈനക്കോളജിസ്റ്റ് ആവശ്യപ്പെട്ടത്. പണം നൽകാൻ നിര്‍ധന കുടുംബത്തില്‍ നിന്നുള്ള യുവതിയുടെ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല.
പണം കിട്ടിയാലേ ശസ്ത്രക്രിയ നടത്തുകയുള്ളൂവെന്ന നിലപാടിലായിരുന്നു ഡോക്ടര്‍. ഒടുവില്‍ വൈകുന്നേരത്തോടെ വിവിധയിടങ്ങളില്‍ നിന്നായി കടം വാങ്ങി 10,000 രൂപ ബന്ധുക്കള്‍ സംഘടിപ്പിച്ചു നല്കി. തുടര്‍ന്നാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
ഗൈനക്കോളജിസ്റ്റ് ഡോ. പല്ലവി പൂജാരിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ജില്ല ഡെപ്യൂട്ടി കമീഷണര്‍ ആര്. സ്നേഹല്‍ അറിയിച്ചു. അന്വേഷണത്തിനുശേഷം ഡോക്ടര്‍ക്കെതിരെ കൂടുതല്‍ നടപടികളുണ്ടാകും. നേരത്തേ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നില്‍ പ്രതിഷേധവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.