ബംഗളൂരു: ഒരു രൂപ ബാക്കി നൽകാത്തതിന് കണ്ടക്ടർ യാത്രക്കാരന് 2000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. ബാംഗ്ലൂർ മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി.) ബസിൽനിന്ന് ടിക്കറ്റിന്റെ ബാക്കി ഒരു രൂപ കിട്ടാത്തതിനെത്തുടർന്ന് കോടതിയെ സമീപിച്ച ആൾക്കാണ് നഷ്ടപരിഹാരം.
ഒരാളുടെ അവകാശത്തിന്റെ വിഷയമായതിനാൽ കോടതിയെ സമീപിച്ച രമേഷിന്റെ നടപടി പ്രധാനപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബംഗളൂരു സ്വദേശിയായ രമേഷ് നായ്ക്കാണ് ചെറിയ തുകക്കുള്ള വലിയ നിയമപോരാട്ടം നടത്തി വിജയിച്ചത്. 2019ലാണ് രമേഷ് ശാന്തിനഗറിൽനിന്ന് മജെസ്റ്റിക്കിലേക്ക് ബി.എം.ടി.സി ബസിൽ കയറിയത്.
29 രൂപയുടെ ടിക്കറ്റിന് രമേശ് 30 രൂപ കണ്ടക്ടർക്ക് കൊടുത്തു. എന്നാൽ, ബാക്കി ഒരു രൂപ കണ്ടക്ടർ തിരികെ നൽകിയില്ല. പിന്നീട് 15,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രമേഷ് ജില്ല ഉപഭോക്തൃകോടതിയെ സമീപിച്ചു.
ഇതേത്തുടർന്ന് 2,000 രൂപ നഷ്ടപരിഹാരം കൊടുക്കാൻ കോടതി ബി.എം.ടി.സി.യോട് നിർദേശിച്ചു. ഫീസ് നിരക്കായി 1,000 രൂപയും അടക്കണം. 45 ദിവസത്തിനകം ബി.എം.ടി.സി നഷ്ടപരിഹാരം നൽകണമെന്നും നിർദേശമുണ്ട്. രമേഷിനോട് കണ്ടക്ടർ മോശമായി പെരുമാറിയെന്ന് കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.