ബംഗളൂരു: ഇന്ത്യയുടെ മൂന്നാം ചാന്ദ്രപര്യവേക്ഷണപേടകമായ ‘ചന്ദ്രയാൻ -മൂന്ന്’ ചന്ദ്രന്റെ ആദ്യഭ്രമണപഥത്തിലെത്തി. അഞ്ചുപഥങ്ങളിലൂടെയുള്ള സഞ്ചാരവും കഴിഞ്ഞ് പതിനെട്ടാം നാളിൽ ഈ മാസം 23ന് ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. യു.എസ്, റഷ്യ, ചൈന എന്നിവർ മാത്രമാണ് ഇതുവരെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. നാലാം സ്ഥാനക്കാരാകാനാണ് ഇന്ത്യയുടെ ശ്രമം. ഭാവിയിൽ ബഹിരാകാശ ദൗത്യങ്ങൾക്കുള്ള ഇടത്താവളമായി ചന്ദ്രന് മാറുമ്പോൾ പ്രഥമസ്ഥാനം നേടുകയാണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ശനിയാഴ്ച വൈകുന്നേരം 7.15നാണ് വിക്ഷേപണത്തിന് ശേഷമുള്ള 22ാം ദിവസം ബംഗളൂരുവിലെ ഐ.സ്.ആർ.ഒയുടെ ഇസ്ട്രാക്ക് കേന്ദ്രം പേടകത്തെ ചാന്ദ്രഭ്രമണപഥത്തിലേക്ക് അയക്കുന്ന ‘ലൂണാർ ഓർബിറ്റ് ഇൻജക്ഷൻ -എൽ.ഒ.ഐ’പ്രക്രിയ വിജയകരമാക്കിയത്. അടുത്ത ഘട്ടമായ ഭ്രമണപഥം താഴ്ത്തൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ്. ഭൂമിയുടെ ഭ്രമണപഥത്തിലാണ് എൽ.വി.എം- 3 റോക്കറ്റ് പേടകത്തെ ആദ്യം എത്തിച്ചത്. ചന്ദ്രന്റെ ആകർഷണവലയത്തിലെത്തിക്കുന്ന ട്രാൻസ്ലൂണാർ ഇൻജക്ഷൻ ആഗസ്റ്റ് ഒന്നിന് രാത്രി നടന്നു.
ഇനിയുള്ള ദിവസങ്ങൾ ഏറെ നിർണായകമാണ്. ചാന്ദ്രപഥത്തിലെ കറക്കത്തിനിടെ പേടകത്തിന്റെ ചരിയലിനായി ചില മാറ്റങ്ങൾ ഐ.എസ്.ആർ.ഒ നടത്തും. ഒടുവിൽ ചന്ദ്രനിൽനിന്ന് 100 കിലോമീറ്റർ അകലെയും 30 കിലോമീറ്റർ അടുത്തുമുള്ള ഒടുവിലത്തെ പഥത്തിലെത്തും. ആഗസ്റ്റ് 17നായിരിക്കും ഇത്. തുടർന്ന് ചന്ദ്രയാന്റെ പ്രൊപൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂൾ വേർപെടും. ആഗസ്റ്റ് 23ന് വൈകുന്നേരം 5.47ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.