ബംഗളൂരു: മുസ്ലിംകളുടെ നാലു ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കിയ കർണാടക സർക്കാർ നടപടിക്കെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. ബംഗളൂരുവിലെ സാമൂഹിക പ്രവർത്തകൻ മുഹമ്മദ് ആരിഫ് ജമീലാണ് ഹരജി നൽകിയത്. ഹരജി വിചാരണക്കെടുക്കുന്നതിന് കോടതി ഷെഡ്യൂൾ ചെയ്തിട്ടില്ല.
മുസ്ലിംകളുടെ നാലു ശതമാനം സംവരണം എടുത്തുകളഞ്ഞ് അവരെ മുന്നാക്ക സംവരണ വിഭാഗത്തിൽ (ഇ.ഡബ്ല്യു.എസ്) ഉൾപ്പെടുത്തിയ നടപടി തടയണമെന്നാണ് അഡ്വ. ആർ. കൊട്വാൾ മുഖേന നൽകിയ ഹരജിയിലെ ആവശ്യം.
മുസ്ലിംകള്ക്ക് വിദ്യാഭ്യാസ മേഖലയിലും ജോലിയിലുമുള്ള നാല് ശതമാനം ഒ.ബി.സി സംവരണം മാർച്ച് 24നാണ് സർക്കാർ റദ്ദാക്കിയത്. ഈ സംവരണം സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗർക്കും രണ്ടു ശതമാനം വീതം വീതിച്ചുനൽകുകയാണ് ചെയ്തത്. മേയിൽ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ സമുദായങ്ങളുടെ വോട്ട് ലക്ഷ്യമിട്ടുള്ള ബി.ജെ.പി സർക്കാർ നടപടി. സംസ്ഥാനത്തെ ജനസംഖ്യയിൽ 12.92 ശതമാനം വരുന്ന മുസ്ലിംകളെ തീരുമാനം ഏറെ ദോഷകരമായി ബാധിക്കും. കുടുംബവരുമാനം അടിസ്ഥാനമാക്കിയുള്ള ഇ.ഡബ്ല്യു.എസിൽ ഉള്‍പ്പെട്ടതോടെ ബ്രാഹ്മണർ, വ്യാസ, ജെയിൻ തുടങ്ങിയവരോടൊപ്പം മുസ്ലിംകൾ മത്സരിക്കേണ്ട അവസ്ഥയാണ്. കർണാടക സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ജംഇയ്യത് ഉലമ ഹിന്ദ് പ്രസിഡന്റ് മൗലാന മഹ്മൂദ് മദനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് ഉലമ കൗൺസിലും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.