ബംഗളൂരു: 2000 രൂപയുടെ നോട്ടുകൾ നിർത്തലാക്കിയതോടെ നഗരത്തിലെ പെട്രോൾ പമ്പുകളിൽ ഈ നോട്ടിനെ ചൊല്ലി വാക്കേറ്റവും ബഹളവും. സെപ്റ്റംബർ 30വരെ 2000 നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാം. നിലവിൽ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറക്കാനെത്തി 2000 രൂപയുടെ നോട്ടുകൾ നൽകുന്ന വാഹന ഉടമകളുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ, സ്വീകരിക്കാൻ പമ്പ് ഉടമകൾ തയാറാകുന്നില്ല. ഇത് വാക്കേറ്റത്തിനും ബഹളത്തിനും ഇടയാക്കുന്നുണ്ട്. പല പമ്പുകളുടെയും പ്രവേശനവഴികളിൽ ജീവനക്കാരെ നിർത്തി 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ല എന്ന് മുന്നറിയിപ്പ് നൽകുകയാണ് പമ്പ് ഉടമകൾ.
മിക്കയാളുകളും 200 രൂപക്കാണ് ഇന്ധനം നിറക്കുന്നത്. ഇതിന് 2000 രൂപയുടെ നോട്ട് നൽകുകയാണെന്നാണ് ഉടമകൾ പറയുന്നത്. ഇതോടെ ചില്ലറ ഉണ്ടാക്കാൻ തങ്ങൾ പെടാപ്പാട് പെടുകയാണെന്നും ഇവർ പറയുന്നു. രണ്ടു വർഷത്തിന് ശേഷം നാലോ അഞ്ചോ തവണ മാത്രമാണ് പമ്പിൽ 2000 രൂപയുടെ നോട്ടുകൾ എത്തിയത്. എന്നാൽ നോട്ട് നിർത്തിയതോടെ നിരവധി പേരാണ് എണ്ണയടിക്കുന്നതിന് 2000 നൽകുന്നത്. ഇത്തരം വലിയ നോട്ടുകൾ അളവിൽ കവിഞ്ഞ തോതിൽ നിക്ഷേപിക്കരുതെന്ന് നികുതി വകുപ്പ് തങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പെട്രോൾ പമ്പ് ഉടമകൾ പറയുന്നു. തങ്ങൾ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് റിസർവ് ബാങ്ക് അധികൃതർക്ക് കത്ത് അയച്ചതായി അഖില കർണാടക പെട്രോളിയം ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.