മഠാധിപതിക്കെതിരെ പോക്സോ കേസ്: അന്വേഷണത്തിൽ സത്യം പുറത്തുവരും -കർണാടക മുഖ്യമന്ത്രി

ബംഗളൂരു: ചിത്രദുർഗയിലെ മഠാധിപതിക്കെതിരായ പീഡനക്കേസിൽ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ചിത്രദുർഗയിലെ ജഗദ്ഗുരു മുരുകരാജേന്ദ്ര വിദ്യാപീഠ മഠാധിപതി ഡോ. ശിവമൂർത്തി മുരുക ശരണരുവടക്കം അഞ്ചുപേർക്കെതിരെയാണ് കഴിഞ്ഞദിവസം മൈസൂരു നസറാബാദ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

അന്വേഷണം പുരോഗതിയിലായതിനാൽ കേസ് സംബന്ധിച്ച് മറ്റു കമന്റുകളൊന്നും പറയാൻ മുഖ്യമന്ത്രി സന്നദ്ധനായില്ല. പോക്സോ കേസും കൗണ്ടർ പരാതിയായി ലഭിച്ച തട്ടിക്കൊണ്ടുപോകൽ കേസും അന്വേഷണത്തിലാണ്. ഇതുസംബന്ധിച്ച പ്രസ്താവനകളോ, വ്യാഖ്യാനങ്ങളോ നടത്തുന്നത് അന്വേഷണത്തെ ബാധിക്കും. അന്വേഷണത്തിന് പൊലീസിന് പൂർണ സ്വാതന്ത്ര്യമുണ്ട്. അവർ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഠത്തിന് കീഴിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന 15ഉം 16ഉം വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. ഒരു പെൺകുട്ടിയെ മൂന്നര വർഷത്തോളവും മറ്റൊരു പെൺകുട്ടിയെ ഒന്നര വർഷത്തോളവും പീഡിപ്പിച്ചതായാണ് മൊഴി. മഠാധിപതിക്ക് പുറമെ, മഠത്തിലെ റസിഡൻഷ്യൽ ഹോസ്റ്റലിലെ വാർഡൻ രശ്മി, ജൂനിയർ പുരോഹിതൻ ബസവാദിത്യ, അഭിഭാഷകൻ ഗംഗാധരയ്യ, പ്രാദേശിക നേതാവായ പരമശിവയ്യ എന്നിവർക്കെതിരെയാണ് കേസ്.

മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഒടനടി സേവാ സമസ്തെ എന്ന സന്നദ്ധ സംഘടനയെ പെൺകുട്ടികൾ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ല ബാല വികസന-സംരക്ഷണ യൂനിറ്റ് ഓഫിസർ ചന്ദ്രകുമാറാണ് പരാതി നൽകിയത്. കർണാടകയിലെ പ്രമുഖ ലിംഗായത്ത് കേന്ദ്രമാണ് ചിത്രദുർഗയിലെ മുരുക മഠം. രാഷ്ട്രീയ നേതാക്കൾ സന്ദർശനം നടത്താറുള്ള മഠം കൂടിയാണിത്.

അടുത്തിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മഠത്തിൽ സന്ദർശനം നടത്തുകയും മഠാധിപതി ഡോ. ശിവമൂർത്തി മുരുക ശരണരുവിൽനിന്ന് ഇഷ്ടലിംഗദീക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. അതേസമയം, ചിത്രദുർഗ മുരുക മഠാധിപതിക്കെതിരായ പോക്സോ കേസിൽ അദ്ഭുതമില്ലെന്ന് ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി പ്രതികരിച്ചു. അഞ്ചാറു മാസമായി ഇതു സംബന്ധിച്ച നിരവധി ചർച്ച നടക്കുന്നുണ്ട്. പ്രാഥമിക ഘട്ടത്തിൽതന്നെ ഈ വിഷയം ഗൗരവമായെടുക്കേണ്ടതുണ്ടെന്നും മതപരമായ കാരണങ്ങൾ ഇതിനെ ബാധിക്കരുതെന്നും കുമാരസ്വാമി പറഞ്ഞു.

Tags:    
News Summary - POCSO case against pontiff: Truth will come out from probe, says Karnataka CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.