ബംഗളൂരു: കൂടുതൽ സംവരണം ആവശ്യപ്പെട്ട് ബെളഗാവിയിൽ പഞ്ചമശാലി ലിംഗായത്ത് വിഭാഗം നടത്തിയ സമരത്തിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ച് കർണാടക നിയമസഭയിൽ പ്രതിപക്ഷ ബഹളം. പൊലീസ് നടപടിയെ ആഭ്യന്തര മന്ത്രി ജി. പരമേശ്വര ന്യായീകരിച്ചതോടെ സർക്കാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പി അംഗങ്ങൾ രംഗത്തുവരുകയായിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ചയായിരുന്നു ബെളഗാവി സുവർണ വിധാൻസൗധക്ക് മുന്നിൽ പഞ്ചമശാലി ലിംഗായത്ത് മഠാധിപതി ബസവ ജയ മൃത്യുഞ്ജയ സ്വാമിയുടെ നേതൃത്വത്തിൽ സംവരണ സമരം നടന്നത്.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡും സർക്കാർ വാഹനങ്ങളും എം.എൽ.എമാരുടെ വാഹനങ്ങളും സമരക്കാർ തകർത്തതോടെ എ.ഡി.ജി.പി ആർ. ഹിതേന്ദ്ര ലാത്തിച്ചാർജിന് ഉത്തരവിടുകയായിരുന്നു.
മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ നിര്യാണത്തെത്തുടർന്ന് ബുധനാഴ്ച നിയമസഭക്ക് അവധിയായിരുന്നു. തുടർന്ന്, വ്യാഴാഴ്ച സഭ വീണ്ടും ചേർന്നതോടെയാണ് മുഴുനീള പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നത്. എസ്.എം. കൃഷ്ണയുടെ വിയോഗത്തിൽ സഭ അനുശോചിച്ചതിന് പിന്നാലെ, പ്രതിപക്ഷ നേതാവ് ആർ. അശോക, ലാത്തിച്ചാർജ് വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയോ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയോ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി പൊലീസ് നടപടിയെ ന്യായീകരിച്ചതോടെ ബി.ജെ.പി അംഗങ്ങൾ ബഹളംവെച്ച് നടുത്തളത്തിലേക്കിറങ്ങി.
ബഹളംമൂലം പലതവണ സഭനടപടികൾ തടസ്സപ്പെട്ടു. പൊലീസ് അതിക്രമമാണ് അരങ്ങേറിയതെന്നും വിഷയത്തിൽ സർക്കാർ മാപ്പ് പറയണമെന്നും ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു.
മറുപടി പറയാൻ റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡക്ക് സ്പീക്കർ അനുമതി നൽകി. സംവരണ വിഷയങ്ങൾ പരിഹരിക്കാതിരുന്ന ബി.ജെ.പിയുടെ മുൻ സർക്കാറാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്ന് റവന്യൂ മന്ത്രി കുറ്റപ്പെടുത്തി.
സർക്കാർ ജോലിയിലും സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനത്തിലും 15 ശതമാനം സംവരണം ലഭിക്കുന്ന ഒ.ബി.സി 2എ വിഭാഗത്തിൽ പഞ്ചമശാലി സമുദായത്തെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പഞ്ചമശാലി ലിംഗായത്തുകളുടെ സമരം. നിലവിൽ 3 ബി വിഭാഗത്തിൽ അഞ്ച് ശതമാനം സംവരണം ലഭിക്കുന്ന സമുദായമാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.