ബംഗളൂരു: രാഷ്ട്രീയക്കാർ അഴിമതിക്കാരല്ലെന്നും ഇവിടത്തെ ജനങ്ങളും വ്യവസ്ഥിതിയും അവരെ അഴിമതിക്കാരാക്കി മാറ്റുകയാണെന്നും കർണാടക നിയമമന്ത്രി ജെ.സി. മധുസ്വാമി. ഇന്നത്തെ കാലത്ത് അഴിമതി നടത്താതെ ജീവിക്കുക എന്നത് ആയാസകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ശ്രീഗിരിയിൽ ശിവകുമാര ശിവാചാര്യ സ്വാമിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
'ഞാൻ രാഷ്ട്രീയക്കാരെ അഴിമതിക്കാരെന്നു വിളിക്കില്ല, ജനങ്ങളാണ് അവരെ അങ്ങനെയാക്കിയത്. വോട്ടുചെയ്യുന്നതിൽ തുടങ്ങി ഗണേശോത്സവം ആഘോഷിക്കുന്നതിനുവരെ വിവിധ ആവശ്യങ്ങൾക്കായി പണംവാങ്ങി രാഷ്ട്രീയക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. പിന്നെയെങ്ങനെ രാഷ്ട്രീയക്കാർ അഴിമതിക്കാരാവാതിരിക്കും. വ്യവസ്ഥിതിയാണ് ഞങ്ങളെ നശിപ്പിക്കുന്നത്. നിലനിൽക്കുന്ന വ്യവസ്ഥിതി ശരിയാണെങ്കിൽ ഞങ്ങൾ അഴിമതിക്കാരാവില്ല. അഴിമതി നടത്താതെ ജീവിക്കുന്നത് എളുപ്പമുള്ള കാര്യമല്ല' -മധുസ്വാമി പറഞ്ഞു.
എല്ലാ രാഷ്ട്രീയക്കാരുടെ കൈയിലും അവർക്കാവശ്യമുള്ള പണമുണ്ട്. എന്നാൽ, ആവശ്യങ്ങൾ ഉയരുന്നതിനനുസരിച്ച് കൂടുതൽ പണം എവിടെനിന്ന് കിട്ടും എന്ന ചിന്തയുണ്ടാവുന്നു. ഈ ചിന്തയാണ് അഴിമതിക്ക് തുടക്കമിടുന്നത്. ചിലപ്പോൾ സമ്മർദങ്ങളും അഴിമതിക്ക് കാരണമാവാറുണ്ടെന്നും നിയമമന്ത്രി പറഞ്ഞു. സർക്കാർതലത്തിൽ എല്ലാ മേഖലയിലും അഴിമതി നടക്കുകയാണെന്നും പ്രവൃത്തികൾ നടക്കണമെങ്കിലും കരാറുകൾ കിട്ടണമെങ്കിലും 40 ശതമാനം പണം രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൊടുക്കേണ്ട അവസ്ഥയാണെന്നും കരാറുകാരുടെ സംഘടനയായ കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഈയടുത്ത് ആരോപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സർക്കാറിന്റെ അഴിമതിക്കെതിരെ കോൺഗ്രസ് വൻപ്രചാരണമാണ് നടത്തുന്നത്. ബസവരാജ് ബൊമ്മൈ പേ സി.എം മുഖ്യമന്ത്രിയാണ് എന്ന് എഴുതിയ ക്യു.ആർ കോഡുമുള്ള വ്യത്യസ്ത പോസ്റ്ററുകൾ ബംഗളൂരു നഗരത്തിന്റെ വിവിധയിടങ്ങളിൽ കോൺഗ്രസ് കഴിഞ്ഞ ദിവസം പതിച്ചിരുന്നു. ബൊമ്മൈയുടെ ചിത്രമടങ്ങിയ പോസ്റ്ററിൽ 40 ശതമാനം ഇവിടെ സ്വീകരിക്കുമെന്നും ഇതിലുണ്ട്. പോസ്റ്ററുകളിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ 40percentsarkara.com എന്ന വെബ്സൈറ്റിലേക്കാണ് പോവുക. കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം സർക്കാറിനെയും ബി.ജെ.പിയെയും വൻതോതിൽ സമ്മർദത്തിലാക്കിയിട്ടുണ്ട്.
എല്ലാ സർക്കാർ ഓഫിസുകളിലും അഴിമതിവിരുദ്ധ ബോർഡുകൾ സ്ഥാപിക്കാൻ സർക്കാർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഒക്ടോബർ രണ്ട് ഗാന്ധിജയന്തിദിനം തുടങ്ങി ഒരു വർഷത്തേക്കാണ് ബോർഡുകൾ സ്ഥാപിക്കേണ്ടത്. സിറ്റിസൺ എൻക്വയറി കൗൺസിൽ, സി.ഇ.സി ട്രസ്റ്റ് എന്നിവയുടെ നിർദേശം സർക്കാർ അംഗീകരിച്ചാണിത്. ഈ സാഹചര്യത്തിൽ നിയമമന്ത്രിതന്നെ കൈക്കൂലിയെയും അഴിമതിയെയും നിസ്സാരവത്കരിച്ച് നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.