ചാമരാജ് നഗറിൽ ബൂത്ത് അടിച്ചുതകർത്തപ്പോൾ

ചാമരാജ് ന​ഗറിൽ പോളിങ് ബൂത്ത് തകർത്തു; ഉദ്യോ​ഗസ്ഥർക്കും വോട്ടർക്കും പരിക്ക്

ബംഗളൂരു: ചാമരാജ് ന​ഗറിനടുത്ത് ​ഇന്ദി​ഗണത വില്ലേജിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ഒരു കൂട്ടം നാട്ടുകാർ പോളിങ് ബൂത്ത് കൈയേറി. ഇ.വി.എം അടക്കം പോളിങ് ബൂത്ത് നശിപ്പിച്ച നാട്ടുകാരുടെ പ്രതിഷേധത്തിനിടെ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർക്കും വോട്ട് ചെയ്യാനെത്തിയ ആൾക്കും പരിക്കേറ്റു. അടിസ്ഥാന സൗകര്യങ്ങളിൽപോലും വികസനമില്ലാത്തതിൽ പ്രതിഷേധിച്ചായിരുന്നു ​ഗ്രാമത്തിലുള്ളവർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

സംഭവമറിഞ്ഞ് തഹസിൽദാർ ​ഗുരു പ്രസാദ്, താലൂക്ക് പഞ്ചായത്ത് ഓഫിസർ ഉമേഷ്, പൊലീസ് ഉദ്യോ​ഗസ്ഥൻ എന്നിവർ ​ഗ്രാമവാസികളെ അനുനയിപ്പിക്കാനെത്തിയത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. മറ്റു വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയതും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. തുടർന്നാണ് ബൂത്ത് കൈയേറി ഇ.വി.എം അടക്കം നശിപ്പിച്ചത്. ബി.ജെ.പിയുടെ സിറ്റിങ് മണ്ഡലമാണ് ചാമരാജ് നഗർ. ബൂത്ത് തകർത്തവർ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്ന് കർണാടക അഡീഷനൽ ചീഫ് ഇലക്ടറർ ഓഫിസർ വെങ്കടേശ് കുമാർ പറഞ്ഞു.

ഇ.വി.എം പൂർണമായും നശിപ്പിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾ ഒളിവിലാണ്. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ചിത്രദുർ​ഗയിലും അടിസ്ഥാന സൗകര്യങ്ങളിലെ വികസന അപര്യാപ്തതയാണ് വോട്ടർമാരെ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിലേക്ക് നയിച്ചത്. യെരഹള്ളി, സിദ്ധാപുര ​ഗ്രാമത്തിലുള്ളവരാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. 150 വീടുകളുള്ള ​ഗ്രാമത്തിൽനിന്നും ആകെ നാലുപേരാണ് വോട്ട് ചെയ്യാൻ തയാറായത്. ചിക്കബല്ലാപൂരിലെ ദേവി​ഗുണ്ഡി, കോലാറിലെ ബേ​ഗ്ലി ബെഞ്ചനഹള്ളി തുടങ്ങിയ സ്ഥലങ്ങളിലും വിവിധ ആവശ്യങ്ങളുമായി നാട്ടുകാർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Polling booth was destroyed in Chamaraj Nagar; Injury to officials and voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.