ബംഗളൂരു: കർണാടകയിൽ വോട്ടർമാരുടെ ഡാറ്റ വെബ്സൈറ്റിലൂടെ വിൽപനക്ക് വെച്ച് സ്വകാര്യ കമ്പനി. അട്ടിമറി സാധ്യതകൾ നിലനിൽക്കുന്ന നിർണായക നിയമസഭ തെരഞ്ഞെടുപ്പിലാണ് വോട്ടർമാർ പോലുമറിയാതെ അവരുടെ ഡാറ്റ വിൽപനക്ക് വെച്ചിരിക്കുന്നത്. ഒരു നിയോജക മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരുടെയും ഡാറ്റ ലഭിക്കാൻ കാൽലക്ഷം രൂപയാണ് വെബ്സൈറ്റ് ആവശ്യപ്പെടുന്നത്. വെബ്സൈറ്റിന് പിന്നിലുള്ള സംഘം ഫോണിൽ ബന്ധപ്പെട്ടതായി ചൂണ്ടിക്കാട്ടി, ബംഗളൂരുവിലെ സ്വതന്ത്ര സ്ഥാനാർഥിയായ രാജു തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ചുമതലയുള്ള ശ്രീനിവാസ് നൽകിയ പരാതിപ്രകാരം ഏപ്രിൽ 24ന് ബംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടന്നുവരികയാണ്. വെബ്സൈറ്റ് 2023 ഏപ്രിലിൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്തതായാണ് കാണിക്കുന്നത്.
വോട്ടർമാരുടെ വിവരം സ്വകാര്യ വെബ്സൈറ്റ് വിൽപനക്ക് വെച്ച സംഭവത്തിൽ, ഈ വിവരങ്ങൾ വോട്ടർമാരെ കോഴ നൽകി വശത്താക്കുന്നതിനടക്കം ഉപയോഗപ്പെടുത്തിയോ എന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷിച്ചുവരികയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള, കമീഷന്റെ ഡാറ്റ സൂക്ഷിക്കുന്ന സർക്കാർ പോർട്ടലായ ഇറോനെറ്റിന്റെ ഡാറ്റാബേസ് മാതൃകയിലാണ് സ്വകാര്യ വെബ്സൈറ്റിലും ഡാറ്റ അവതരിപ്പിച്ചിട്ടുള്ളത്.
ഇത് ഗൗരവതരമായ ചില സൂചനകളാണ് നൽകുന്നത്. വോട്ടർമാരുടെ ഡാറ്റ ഔദ്യോഗിക സംവിധാനത്തിൽനിന്ന് ചോർന്നതോ അല്ലെങ്കിൽ ഹാക്ക് ചെയ്യപ്പെട്ടതോ ആകാമെന്നാണ് അധികൃതരുടെ നിഗമനം. ബംഗളൂരുവിലെ വോട്ടർമാരുടെ ഡാറ്റ ഇറോനെറ്റിൽ കൈകാര്യം ചെയ്യുന്നത് ബി.ബി.എം.പിയാണ്. വോട്ടർപട്ടികയിൽ ഉൾപ്പെടാൻ വോട്ടർമാർ പൂരിപ്പിച്ച് നൽകുന്ന ഫോം- ആറ് ഇറോനെറ്റിലാണ് സേവ് ചെയ്യുന്നത്.
മണ്ഡലാടിസ്ഥാനത്തിൽ വോട്ടർമാരുടെ ഫോൺ നമ്പറും വാട്ട്സ് ആപ് നമ്പറുമടക്കമുള്ള വിവരങ്ങളാണ് പണം നൽകിയാൽ ലഭിക്കുക. ‘നിങ്ങളുടെ നിയോജക മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരുടെയും ഡാറ്റകൊണ്ട് 2023ലെ ഈ തെരഞ്ഞെടുപ്പ് വിജയിക്കൂ..’ എന്നാണ് വെബ്സൈറ്റിലെ സന്ദേശം. 25,000 രൂപ ഡെപോസിറ്റ് തുകയായും 500 രൂപ ട്രാൻസാക്ഷൻ ചാർജായും ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് തോൽക്കുന്നവർക്ക് ഡെപോസിറ്റ് തുക തിരിച്ചു നൽകുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യമുള്ളവർക്ക് എസ്.എം.എസ് കാമ്പയിനും സോഷ്യൽ മീഡിയ കാമ്പയിനും വെബ്സൈറ്റ് വാഗദാനം ചെയ്യുന്നുണ്ട്.
ബംഗളൂരുവിൽ ലക്ഷക്കണക്കിന് വോട്ടർമാരുടെ വിവരം ശേഖരിച്ചതുമായി ബന്ധപ്പെട്ട് ‘ചിലുമെ എജുക്കേഷനൽ കൾചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്’ എന്ന എൻ.ജി.ഒയുടെ പേരിൽ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശ പ്രകാരം കേസെടുത്ത് അന്വേഷണം നടക്കവെയാണ് മറ്റൊരു വെബ്സൈറ്റ് ഡാറ്റ വിൽപനക്ക് വെച്ച സംഭവം പുറത്തുവരുന്നത്. ബംഗളൂരു കോർപറേഷനിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബൂത്ത് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലുമെ ജീവനക്കാർ വോട്ടർമാരുടെ വിവരം ശേഖരിച്ചെന്ന കണ്ടെത്തലിൽ അന്വേഷണം പുരോഗതിയിലാണ്. ശിവാജി നഗർ, മഹാദേവപുര, ചിക്ക്പേട്ട് എന്നീ മണ്ഡലങ്ങളിൽനിന്ന് ‘ഡിജിറ്റൽ സമീക്ഷ’എന്ന ആപ്പ് വഴി വോട്ടർമാരുടെ വിവരം ശേഖരിച്ചെന്നും ഈ ഡാറ്റ വിദേശത്തെ സെർവറിൽ സൂക്ഷിച്ചതായും ബംഗളൂരു റീജ്യനൽ കമീഷണറായ അംലാൻ ആദിത്യബിശ്വാസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
കേസിൽ ബി.ബി.എം.പിയിലെ (ബംഗളൂരു കോർപറേഷൻ) ചില ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് പ്രത്യേകം പൊലീസ് അന്വേഷണം വേണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ഇതുവരെ ചിലുമെ ഡയറക്ടർ രവികുമാർ കൃഷ്ണപ്പ, ഏതാനും ജീവനക്കാർ, ബി.ബി.എം.പിയുടെ നാല് റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ കേസിൽ അറസ്റ്റിലായി. രണ്ട് ബി.ബി.എം.പി ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.