ബംഗളൂരു: പോപുലർ ഫ്രണ്ടിന്റെ നിരോധനം ദേശവിരുദ്ധ ശക്തികൾക്കെതിരായ കേന്ദ്രസർക്കാറിന്റെ ശക്തമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പി.എഫ്.ഐയുടെ നിരോധനമെന്നത് രാജ്യത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.
പ്രതിപക്ഷ പാർട്ടികളായ സി.പി.ഐ, സി.പി.എം, കോൺഗ്രസ് അടക്കമുള്ളവരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങളിലും അക്രമങ്ങളിലും പി.എഫ്.ഐ ഉൾപ്പെട്ടിരുന്നു. രാജ്യത്തിന് പുറത്തും അവർക്ക് ശക്തിയുണ്ടായിരുന്നു. ചില നേതാക്കൾ അതിർത്തികടന്ന് പരിശീലനം നേടിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഉചിതമായ തീരുമാനമാണ് എടുത്തത്. ഇത് ദേശവിരുദ്ധ ശക്തികൾക്കുള്ള മുന്നറിയിപ്പാണ്. ഇത്തരം സംഘടനകളുമായി സഹകരിക്കരുതെന്ന് എല്ലാവരോടും ആവശ്യപ്പെടുകയാണെന്നും ബൊമ്മൈ പറഞ്ഞു.
കർണാടക ബി.ജെ.പി എം.എൽ.എ കെ.എസ് ഈശ്വരപ്പയും തീരുമാനം സ്വാഗതം ചെയ്തു. എല്ലാ ദേശസ്നേഹികളും പാർട്ടിക്കും മതത്തിനും അപ്പുറം പി.എഫ്.ഐ നിരോധനത്തെ സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു. പി.എഫ്.ഐക്ക് വിദേശത്തുനിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. നിരവധി ഭീകരപ്രവർത്തനങ്ങളിൽ അവർ ഉൾപ്പെട്ടിട്ടുണ്ട്. നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്ന ആരോപണവും അവർക്കെതിരെയുണ്ടെന്നും ഈശ്വരപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.