2019ൽ കർണാടകയിൽ ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ‘ഓപറേഷൻ താമര’യിലൂടെ ബി.ജെ.പി സർക്കാറുണ്ടാക്കി. കോണ്ഗ്രസ്- ജെ.ഡി.എസ് സഖ്യസർക്കാറിലെ 17 എം.എൽ.എമാരെ മറുകണ്ടം ചാടിച്ച ഓപറേഷനിൽ കോടികൾ വാരിയെറിഞ്ഞവർ ബെള്ളാരിയിലെ മൂന്നു റെഡ്ഡി സഹോദരന്മാരായിരുന്നു. ജി. ജനാർദന റെഡ്ഡി, കരുണാകർ റെഡ്ഡി, സോമശേഖര റെഡ്ഡി.
ഇന്ന് ജി. ജനാർദന റെഡ്ഡിയെന്ന ഖനിരാജാവിന് മുന്നിൽ ബെള്ളാരി സിറ്റി മണ്ഡലത്തിൽ ബി.ജെ.പി വിയർക്കുകയാണ്. സിറ്റിങ് എം.എൽ.എയും സ്ഥാനാർഥിയുമായ സോമശേഖര റെഡ്ഡിക്കെതിരെ മത്സരിക്കുന്നതാകട്ടെ സഹോദരൻ ജനാർദനയുടെ ഭാര്യ അരുണ ലക്ഷ്മിയും. ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ് അടുത്തിടെ രൂപവത്കരിച്ച കർണാടക രാജ്യ പ്രഗതി പക്ഷയുടെ (കെ.ആർ.പി.പി) ‘ഫുട്ബാൾ’ ചിഹ്നത്തിലാണ് അരുണയുടെ മത്സരം. ജെ.ഡി.എസിനായി അനിൽ ലാദും കോൺഗ്രസിനായി നാര ഭാരത് റെഡ്ഡിയും രംഗത്തുണ്ട്. ആകെ അഞ്ച് മണ്ഡലങ്ങളാണ് ബെള്ളാരി ജില്ലയിൽ ഉള്ളത്.
‘ഓപറേഷൻ താമര’യിൽ പ്രധാന പങ്കുവഹിച്ച വിവാദ ഖനിരാജാവും മുൻമന്ത്രിയുമാണ് ജില്ലയിൽ വൻസ്വാധീനമുള്ള ജി. ജനാർദന റെഡ്ഡി. 2008ലെ അനധികൃത ഇരുമ്പയിര് ഖനനത്തിലൂടെ സമ്പാദിച്ച കോടികളാണ് അന്ന് റെഡ്ഡി ചെലവഴിച്ചത്. സഹസ്രകോടികളുടെ അഴിമതി നടന്ന അനധികൃത ഖനന കേസിൽ കേന്ദ്രത്തിലെ യു.പി.എ ഭരണകാലത്ത് അറസ്റ്റിലായ റെഡ്ഡി നാലു വർഷം ജയിലിലായിരുന്നു. 2015ലാണ് സുപ്രീംകോടതി ജാമ്യം നൽകുന്നത്. സ്വന്തം മണ്ഡലമായ ബെള്ളാരിയിൽ പ്രവേശിക്കാൻ അനുമതിയില്ല.
അരുണ ലക്ഷ്മിക്ക് മണ്ഡലത്തിലെ ബി.ജെ.പി വോട്ടർമാർക്കിടയിൽ നല്ല സ്വാധീനമുണ്ട്. അതിനാൽ ബി.ജെ.പി വോട്ടുകൾ ഭിന്നിക്കും. ഇത് കോൺഗ്രസിന് ഗുണം ചെയ്യും. കഴിഞ്ഞ തവണ സോമശേഖര റെഡ്ഡി 76,589 വോട്ട് നേടിയപ്പോൾ 60,434 വോട്ടാണ് കോൺഗ്രസ് നേടിയത്. ഭൂരിപക്ഷം 16,155.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പേ ജനാർദന റെഡ്ഡി നിലമൊരുക്കൽ നടത്തിയിരുന്നു. വിവിധ കായിക മേളകളും മതപരിപാടികളും നടത്തി ജനങ്ങൾക്ക് സാമ്പത്തിക സഹായമടക്കം നൽകി. റെഡ്ഡിയുടെ പാർട്ടി നൽകുന്ന ജനപ്രിയ വാഗ്ദാനങ്ങൾ ജനത്തെ സ്വാധീനിക്കുന്നുണ്ടെന്ന് ബെള്ളാരിയിലെ സർക്കാർ മാർക്കറ്റിലെ തൊഴിലാളികൾ പറയുന്നു. അധികാരത്തിലേറാൻ തന്റെ ഭർത്താവിനെ ആശ്രയിക്കുകയും ആവശ്യം കഴിഞ്ഞപ്പോൾ വലിച്ചെറിയുകയുമാണ് ബി.ജെ.പി ചെയ്തതെന്ന് അരുണ പ്രതികരിച്ചു.
ജനാർദനക്ക് ജാമ്യം ലഭിക്കാനായി 63 ദിവസം ജയിലിൽ കിടന്നയാളാണ് താനെന്നും ഇപ്പോൾ ഭാര്യയെ തനിക്കെതിരെ മത്സരിപ്പിച്ച് ജനാർദന തന്നെ അവഹേളിക്കുകയാണെന്നും സോമശേഖര പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.