ബംഗളൂരു: ജെ.ഡി.എസ് അഥവാ ജനതാദൾ സെക്യുലർ. പേരിൽ മാത്രം ‘മതേതരത്വം’ ഉണ്ടാവുകയും അധികാരത്തിനായി ബി.ജെ.പിയുമായി കൂട്ടുകൂടുകയും ചെയ്യുന്ന കക്ഷിയെന്ന പേരുദോഷവുമായി വീണ്ടും ദേവഗൗഡയുടെ പാർട്ടി. വിശ്വസിക്കാൻ കൊള്ളാത്തവരെന്ന ചീത്തപ്പേരുമായി ശക്തികേന്ദ്രമായ കന്നട മണ്ണിൽ തന്നെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റമ്പിയിരുന്നു. 2018ൽ 37 എം.എൽ.എമാരുള്ള ജെ.ഡി.എസ് 2023ൽ 19 സീറ്റിലേക്കും 13.3 ശതമാനം വോട്ടുവിഹിതത്തിലേക്കും നിലംപതിക്കുകയായിരുന്നു. സംഘ്പരിവാർ ഭീഷണി ചെറുക്കുന്ന കാര്യത്തിൽ ജെ.ഡി.എസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന തോന്നലിൽ വോട്ടുബാങ്കായിരുന്ന മുസ്ലിം സമുദായം പാർട്ടിയെ കൈയൊഴിയുകയായിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ ഒന്ന് മാത്രമാണ് നേടാനായത്. ബി.ജെ.പി കേവല ഭൂരിപക്ഷത്തിന് ഒമ്പത് സീറ്റ് മാത്രം അകലെയായിരുന്ന 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കുമാരസ്വാമിക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിനാലാണ് അന്നത്തെ ദൾ-കോൺഗ്രസ് സഖ്യസർക്കാർ നിലവിൽ വന്നതും കുമാരസ്വാമി മുഖ്യമന്ത്രിയായതും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൂക്കുസഭയുണ്ടായാൽ ‘കിങ്മേക്കർ’ ആകുമെന്ന കണക്കുകൂട്ടലിലായിരുന്നു ജെ.ഡി.എസ്. തങ്ങൾ ചിലത് കണ്ടിട്ടുണ്ടെന്ന് ദൾ നിയമസഭ കക്ഷി നേതാവും ഗൗഡയുടെ മകനുമായ എച്ച്.ഡി. കുമാരസ്വാമി വോട്ടെണ്ണലിന്റെ തലേന്ന് പറഞ്ഞതും ബി.ജെ.പി ബന്ധം സ്വപ്നം കണ്ടിട്ടായിരുന്നു.
ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുള്ളവരായിരുന്നു ജനതപാർട്ടി. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ എതിർക്കാനായി വിവിധ പാർട്ടികളുടെ കൂട്ടായ്മ എന്ന നിലയിലാണ് ജനതപാർട്ടി (ജനങ്ങളുടെ പാർട്ടി) രൂപവത്കരിക്കപ്പെടുന്നത്. ’77ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി മൊറാർജി ദേശായി ഇന്ത്യയുടെ ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി. ജനതപാർട്ടിയിൽനിന്ന് വർഷങ്ങളായി രൂപാന്തരം പ്രാപിച്ചവയിൽ ഇന്നുള്ള പ്രധാന പാർട്ടിയാണ് മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നേതൃത്വം നൽകുന്ന ജെ.ഡി.എസ്.
പല വിഷയങ്ങളിലും ദേശീയ തലത്തിൽ മതേതര കക്ഷികളുടേതിൽനിന്ന് വിഭിന്നമായ നിലപാടുകളാണ് കർണാടകയിൽ പാർട്ടി സ്വീകരിച്ചുവന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എൻ.ഡി.എയിലേക്കുള്ള വരവ്. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ പൊതുസ്ഥാനാർഥിയായ യശ്വന്ത് സിൻഹക്കെതിരെ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിനെയായിരുന്നു ജെ.ഡി.എസ് പിന്തുണച്ചത്. പാർട്ടി കേരള പ്രസിഡന്റ് മാത്യു ടി.തോമസ്, മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവർ ദേവഗൗഡയുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും നിലപാട് മാറിയില്ല. ഇതിനാൽ കേരള ഘടകം യശ്വന്ത് സിൻഹയെ പിന്തുണക്കുകയായിരുന്നു.
എൻ.ഡി.എ പ്രവേശനമെന്ന കേന്ദ്ര നേതൃത്വത്തിന്റെ പുതിയ തീരുമാനത്തിനൊപ്പവും തങ്ങൾ നിൽക്കില്ലെന്ന് കേരള ഘടകം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.