ബംഗളൂരു: ജനങ്ങൾക്കുവേണ്ടത് 40 ശതമാനം കമീഷൻ സർക്കാറല്ലെന്നും 100 ശതമാനം ആത്മാർഥതയുള്ള സർക്കാറാണെന്നും കോൺഗ്രസ് എം.പി ശശി തരൂർ പറഞ്ഞു. ബംഗളൂരു ക്വീൻസ് റോഡിലെ കെ.പി.സി.സി ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുവർഷത്തെ കർണാടകയിലെ ബി.ജെ.പി സർക്കാറിന്റെ അഴിമതിയിൽ ജനങ്ങൾ മടുത്തു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഒരു പരിഹാരവുമില്ല. ജീവിക്കാൻ മികച്ച നഗരങ്ങളുടെ സൂചിക പട്ടികയിൽ മുമ്പിലായിരുന്ന ബംഗളൂരു ഇപ്പോൾ താഴേക്ക് പോയിരിക്കുന്നു. എല്ലാ തലത്തിലും ബി.ജെ.പി സർക്കാറിന്റെ ഭരണം പരാജയമാണ്. അഞ്ചുവർഷം കൊണ്ട് 10 ലക്ഷം തൊഴിൽരഹിതർക്ക് ജോലി, വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, എല്ലാ വീടുകൾക്കും പ്രതിമാസം 200 യൂനിറ്റ് സൗജന്യ വൈദ്യുതി, ബി.പി.എൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ വീതം സൗജന്യ അരി തുടങ്ങിയവയാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മല്ലികാർജുന ഖാർഗെയും കണ്ണുവെക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, മല്ലികാർജുന ഖാർഗെ ആദരണീയനായ വ്യക്തിയാണെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകുമെന്നും തരൂർ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ച് ചർച്ച ചെയ്യില്ലെന്നത് കോൺഗ്രസിന്റെ പാരമ്പര്യമാണെന്നും വിജയത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചില കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നതിൽ നിരാശയുണ്ട്. അവരെല്ലാം മതേതരത്വ മനസ്സുള്ളവരാണ്. വർഗീയ അജണ്ടയുള്ള ഒരു പാർട്ടിയിൽ അവർ സ്വാഗതം ചെയ്യപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. അവർക്ക് തെറ്റുപറ്റിയതാണെന്ന് ഞാൻ കരുതുന്നു- തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.