മംഗളൂരു: മണിപ്പാലിലെ സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് ആഹാരം കഴിച്ചതിന്റെ പണം നൽകാതെ മുങ്ങിയ തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് തൂത്തുക്കുടി സ്വദേശി ബിംസെന്റ് ജോണാണ് (67) അറസ്റ്റിലായത്. ഒരു കോൺഫറൻസിൽ പങ്കെടുക്കുന്നുവെന്ന് പറഞ്ഞ് ഡിസംബർ ഏഴിന് ബിംസെന്റ് സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തു. ഡിസംബർ ഒമ്പതിന് അഡ്വാൻസ് തുക നൽകാമെന്നും ഡിസംബർ 12 ന് മുറി ഒഴിയുമെന്നും ഹോട്ടൽ മാനേജർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് 39,298 രൂപ നൽകാതെ രക്ഷപ്പെട്ടു.
മണിപ്പാൽ പൊലീസ് ഇൻസ്പെക്ടർ ദേവരാജിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി. ഇയാൾ നേത്തേ ഡൽഹി, താനെ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി. രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 49 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്. അവിവാഹിതനായ ഇയാൾ ഡൽഹിയിൽ സമാനമായ തട്ടിപ്പ് കേസിൽ ആദ്യം അറസ്റ്റിലായിരുന്നു. 1996ൽ അഞ്ചു വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുവെന്ന് പൊലീസ് പറയുന്നു. മണിപ്പാൽ പൊലീസ് ഉഡുപ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.