ബംഗളൂരു: മൈസൂരുവിൽ പുലി ദൗത്യസേന (ലെപേഡ് ടാസ്ക് ഫോഴ്സ്) രൂപവത്കരിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. മൈസൂരു ഡിവിഷനിൽ ടി. നരസിപുര, നഞ്ചൻകോട്, സരഗുർ, എച്ച്.ഡി കോട്ടെ താലൂക്കുകളിലും മാണ്ഡ്യ ഡിവിഷനിൽ പാണ്ഡവപുര, നാഗമംഗല താലൂക്കുകളിലും പുലിയിറങ്ങുകയും ഗ്രാമവാസികളെയും വളർത്തുമൃഗങ്ങളെയും കൊലപ്പെടുത്തുന്ന കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ദൗത്യസേന രൂപവത്കരിക്കുന്നത്. കർണാടക വനം വകുപ്പിന്റെ മൈസൂർ സർക്കിളിലാണ് ഈ മേഖലകൾ ഉൾപ്പെടുന്നത്.
ടി. നരസിപുരയിൽ ജനുവരി 21ന് ഹൊരലഹള്ളി വില്ലേജിലെ ജയന്ത് എന്ന 11 കാരനും 20ന് സിദ്ധമ്മ എന്ന വയോധികയും കഴിഞ്ഞ ഒക്ടോബർ 31ന് കോളജ് വിദ്യാർഥിയായ മഞ്ജുനാഥും ഡിസംബറിൽ കോളജ് വിദ്യാർഥിനിയായ മേഘ്നയും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പിന്നീട് വനംവകുപ്പ് നടത്തിയ ഓപറേഷനിൽ നാട്ടലിറങ്ങിയ പുലികളെ പിടികൂടിയിരുന്നു. തുടർന്നാണ് വനം വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ മൈസൂരു ഡെപ്യൂട്ടി കമീഷണർ ഡോ. കെ.വി. രാജേന്ദ്രയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്നത്.
ഈ യോഗത്തിൽ പുലി ദൗത്യ സംഘം രൂപവത്കരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു. കഴിഞ്ഞദിവസം വനം-പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഗീത എം. പാട്ടീൽ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. മൈസൂരു സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്ററുടെ നിർദേശപ്രകാരമാകും പുലി ദൗത്യസേന പ്രവർത്തിക്കുകയെന്ന് ഉത്തരവിൽ പറയുന്നു.
മൈസൂരു ഡിവിഷൻ വന്യജീവി വിഭാഗം ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്ററും മൈസൂരു ഡിവിഷൻ റീജനൽ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്ററും നയിക്കുന്ന നാലു ടീമുകളായാണ് ദൗത്യസംഘം ഓപറേഷനുകളിൽ പങ്കെടുക്കുക.
ഒരു റേഞ്ച് ഫോറസ്റ്റ് ഓഫിസറും നാലു ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരും എട്ടു പട്രോളിങ് ഫോറസ്റ്റ് ഗാർഡുകളും 40 എൽ.ടി.എഫ് സഹായികളുമടക്കം 58 പേർ ഉൾക്കൊള്ളുന്നതാണ് പുലി ദൗത്യസേന. പുലി ദൗത്യ സേനയിലേക്കുള്ള 40 സഹായികളെ പുറമെനിന്ന് റിക്രൂട്ട് ചെയ്യും.
ഓരോ ടീമിലും രണ്ടു ഫോറസ്റ്റ് പട്രോളിങ് ഗാർഡുമാരും ഒരു ഡ്രൈവറും 10 എൽ.ടി.എഫ് സഹായികളുമുണ്ടാവും. പുലിസാന്നിധ്യം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് കൈമാറാൻ മൈസൂരു ആരണ്യ ഭവനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കും.
പതിവായി പുലിയുടെ സാന്നിധ്യം കണ്ടെത്തുന്ന മേഖലകളിൽ സംഘം പട്രോളിങ് നടത്തും. വനാതിർത്തികളിലെ ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും സന്ദർശനം നടത്തും. വാഹനങ്ങളും സെർച് ലൈറ്റുകളും അപായ സൈറൺ സംവിധാനവുമടക്കമുള്ള സാമഗ്രികൾ ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ കൈമാറും.
മൈസൂരു മേഖലയിൽ മാത്രം കഴിഞ്ഞ ഏപ്രിൽമുതൽ 33 പുലികളെയാണ് പിടികൂടി രക്ഷപ്പെടുത്തിയത്. ഇതിൽ 12 എണ്ണത്തെ ടി. നരസിപുരയിൽനിന്നാണ് കണ്ടെത്തിയത്.
ബംഗളൂരു: മൈസൂരു ജെഡികട്ടെയിലെ ജയപുരയിൽ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് ഏകദേശം രണ്ടര വയസ്സുള്ള പെൺ പുലിയെ രക്ഷപ്പെടുത്തിയത്. മേഖലയിൽ പുലിയിറങ്ങിയതായ ഗ്രാമവാസികളുടെ പരാതിയെ തുടർന്ന് വനംവകുപ്പ് കെണിയൊരുക്കുകയായിരുന്നു. പുലിയെ ചൊവ്വാഴ്ച പകൽ നേരത്ത് ഉൾക്കാട്ടിൽ തുറന്നുവിട്ടു.
ബംഗളൂരു: മാണ്ഡ്യ ശ്രീരംഗപട്ടണയിൽ പുലിയിറങ്ങിയതോടെ ജനം ഭീതിയിൽ.
ശ്രീരംഗപട്ടണ ടി.എം ഹൊസൂരു ഗേറ്റിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് പുലിയെ കണ്ടത്. ബംഗളൂരു - മൈസൂരു ഹൈവേക്ക് സമീപത്തെ കരിഘട്ട കനാൽ പാലത്തിലൂടെ പുലി കടന്നുപോകുന്നത് കണ്ടതായി ടി.എം ഹൊസൂരു ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സിദ്ധഗൗഡ പറഞ്ഞു. പുലിയെ കണ്ടെന്ന വാർത്ത പരന്നതോടെ ഗ്രാമവാസികൾ പരിഭ്രാന്തിയിലായിട്ടുണ്ട്. മൈസൂരു ടി. നരസിപൂരിൽ മൂന്നുപേരെ പുലി കൊലപ്പെടുത്തിയിരുന്നു.
ശ്രീരംഗപട്ടണയിൽ പുലിയെ പിടികൂടാൻ ഉടൻ നടപടി വേണമെന്ന് സിദ്ധഗൗഡ വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.