ബംഗളൂരു: സാങ്കേതിക വിദ്യകൾ വികസിക്കുമ്പോൾ ഖുർആനുമായി അകലാനല്ല; കൂടുതൽ അടുക്കാനാണ് അവ പ്രയോജനപ്പെടേണ്ടതെന്ന് ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ ജനറൽ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു. ഖുർആൻ സെന്റർ ബംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഖുർആന്റെ തണലിൽ ഹൃദയങ്ങളിലേക്കുള്ള യാത്ര' കാമ്പയിനിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖുർആൻ ഹൃദയങ്ങളിലേക്കിറങ്ങാനും അതുവഴി പരിവർത്തനമുണ്ടാക്കാനുമാണ് നമ്മൾ ശ്രമിക്കേണ്ടത്. മുസ്‍ലിം സമൂഹം ആഗോള തലത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള യഥാർഥ പ്രതിവിധി ഖുർആന്റെ അനുയായികളായിരിക്കുക എന്നതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജമാഅത്തെ ഇസ്‍ലാമി ബംഗളൂരു മേഖല പ്രസിഡന്റ് റഹീം കോട്ടയം അധ്യക്ഷത വഹിച്ചു. ഖുർആനെ ഹൃദയത്തിലേക്ക് ആവാഹിക്കുമ്പോഴേ അതിന്റെ അന്തഃസത്ത ഉൾക്കൊള്ളാനും അത് സമൂഹത്തിന് സമർപ്പിക്കാനും കഴിയൂ എന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഉസ്മാൻ പറഞ്ഞു.
ഖുർആനിന്റെ കാവലും കുളിരും വീടകങ്ങളിൽ ലഭിക്കാൻ വീടകങ്ങൾ സന്തോഷത്തിന്റെ ഇടങ്ങളാവണമെന്നും കുടുംബ ജീവിതത്തിന്റെ വ്യവഹാരങ്ങളിൽ ഖുർആനിനെ കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച ജമാഅത്തെ ഇസ്‍ലാമി കേരള സംസ്ഥാന സമിതി അംഗം സഫിയ ഷറഫിയ ചൂണ്ടിക്കാട്ടി.
എച്ച്.ബി.ആർ ലേഔട്ടിലെ അഫ്സൺ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ഖുർആൻ സ്റ്റഡി സെന്റർ പ്രിൻസിപ്പൽ അംജദ് അലി, സെക്രട്ടറി എൻ. ഷംലി, ഷാഹിന ഉമർ, സിദ്ദീഖ് എടക്കാവിൽ, മസ്ജിദുന്നൂർ ഖതീബ് കെ.വി. ഖാലിദ്, ഹിറ ഫൗണ്ടേഷൻ പ്രസിഡന്റ് ഹസ്സൻ പൊന്നൻ, യു.പി. സിദ്ദീഖ് തുടങ്ങിയവർ സന്നിഹിതരായി. ഖുർആൻ സയൻസ് എക്സിബിഷൻ ശ്രദ്ധേയമായി. ഖുർആൻ ക്വിസ് ഗ്രാൻഡ് ഫിനാലെക്ക് ബാവ ചേന്നര നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.