ബംഗളൂരു: നഗരമധ്യത്തിൽ ശിവാജി നഗർ ബസ് സ്റ്റാൻഡിനടുത്ത് ജലസംഭരണി തകർന്നുവീണ് മൂന്നുപേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെൻട്രൽ സ്ട്രീറ്റിൽ ഇംപീരിയൽ റസ്റ്റാറന്റിന് എതിർവശത്ത് ബൗറിങ് ഹോസ്പിറ്റലിന് അടുത്തുള്ള അഞ്ചുനില കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന ജലസംഭരണിയാണ് ബുധനാഴ്ച രാത്രി 10.30നും 10.45നും ഇടയിൽ തകർന്നത്. കെട്ടിടത്തിന് താഴെ നടപ്പാതയിൽ മുട്ട വിൽപനക്കാരന് ചുറ്റും നിന്നിരുന്നവരാണ് മരിച്ചതും പരിക്കേറ്റതും. പച്ചക്കറി വിൽപനക്കാരൻ തമിഴ്നാട് സ്വദേശി അരുൾ (41), നഗരത്തിലെ സ്വകാര്യ കമ്പനി ജീവനക്കാരൻ കോട്ട നാഗേശ്വർ റാവു (32), നേപ്പാൾ സ്വദേശി കമൽ താപ്പ എന്നിവരാണ് മരിച്ചത്. തെരുവുകച്ചവടക്കാരനായ ദാസ് അപകടത്തിൽനിന്ന് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അശാസ്ത്രീയമായ രൂപത്തിലായിരുന്നു ജലസംഭരണി ഉണ്ടായിരുന്നതെന്നും വെള്ളം നിറഞ്ഞപ്പോൾ ഇതിന്റെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചാണ് തകർന്നതെന്നും പൊലീസ് പറഞ്ഞു. രാത്രിയിൽ പൊലീസ് ഇടപെട്ടാണ് അവശിഷ്ടങ്ങൾ നീക്കിയത്. സംഭരണിയുടെ അടിത്തറ സംബന്ധിച്ച് പരിശോധന നടത്തണമെന്ന് ബി.ബി.എം.പി എൻജിനീയർമാർക്ക് പൊലീസ് നിർദേശം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.