ബംഗളൂരു: പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പ്രോഗ്രാമിന് കീഴിൽ മൈസൂരുവിൽ മൂന്ന് പുതിയ ഡയാലിസിസ് സെന്ററുകൾ സ്ഥാപിക്കും. കെ.ആർ.എസ് റോഡിലെ ജില്ല ആശുപത്രിയിലും സരഗൂർ, സാലിഗ്രാമ താലൂക്കാശുപത്രികളിലുമാണ് സൗകര്യം. ആരോഗ്യവകുപ്പിന് കീഴിൽ 51 പുതിയ ഡയാലിസിസ് കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നതെന്ന് ഹെൽത്ത് കമീഷണർ ഡി. രൺദീപ് പറഞ്ഞു.
നിലവിൽ പി.എം.എൻ.ഡി.പിയുടെ കീഴിൽ കർണാടകയിൽ 168 ഡയാലിസിസ് സെന്ററുകളുണ്ട്. ഇതിൽ താലൂക്ക് ആശുപത്രികളിൽ 146ഉം ജില്ല ആശുപത്രികളിൽ 22ഉം ഉൾപ്പെടുന്നു. പി.എം.എൻ.ഡി.പിയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ഗവൺമെന്റ് ഡയാലിസിസ് സെന്ററുകളും കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഏജൻസിയെ കണ്ടെത്താൻ പുതിയ ടെൻഡർ തയാറാക്കിയതായും രൺദീപ് പറഞ്ഞു.
മൈസൂരുവിലെ ജില്ല ആശുപത്രിയിൽ 10 കിടക്കകളുള്ള ഡയാലിസിസ് സൗകര്യമാണ് ഏർപ്പെടുത്തുക. സർക്കാർ നടത്തുന്ന ഡയാലിസിസ് സെന്ററുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നടപടികൾ സ്വീകരിച്ചുവരുകയാണ്. 168 ഡയാലിസിസ് സെന്ററുകളിൽ 145 കേന്ദ്രങ്ങളും നെഫ്രോളജിസ്റ്റിന്റെ മേൽനോട്ടമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. " ഗുണനിലവാരം മെച്ചപ്പെടുത്തി ചെലവ് കുറക്കുന്നതിന് പുതിയ ടെൻഡർ അവതരിപ്പിക്കും. ഈ കേന്ദ്രങ്ങളിലെ നെഫ്രോളജിസ്റ്റുകളുടെ കുറവും പരിഹരിക്കും- ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
താലൂക്ക് ആശുപത്രികളിൽ നിലവിൽ ഓരോ ഡയാലിസിസ് സെന്ററും ഓരോ ഷിഫ്റ്റിലും ഒരു ടെക്നീഷ്യനും ഒരു സ്റ്റാഫ് നഴ്സുമാണ് കൈകാര്യം ചെയ്യുന്നത്. നെഫ്രോളജിസ്റ്റിന് എല്ലാ താലൂക്ക് കേന്ദ്രങ്ങളും റൊട്ടേഷൻ അടിസ്ഥാനത്തിൽ സന്ദർശിക്കുകയോ അല്ലെങ്കിൽ കാൾ വഴിയോ വിഡിയോ കോൺഫറൻസ് മുഖേനയോ രോഗികൾക്ക് പരിചരണം നൽകുന്നതിനുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കും. താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് രോഗികൾക്ക് പ്രത്യേക മെഡിക്കൽ മേൽനോട്ടവും പിന്തുണയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.