ബംഗളൂരു: ബംഗളൂരു- മൈസൂരു ദേശീയപാത 275ലെ എക്സ്പ്രസ് വേയിൽ ടോൾ പിരിവ് തുടങ്ങാനുള്ള തീരുമാനം മാർച്ച് 14 വരെ നീട്ടിയതായി ദേശീയപാത അതോറിറ്റി അറിയിച്ചു. ഒഴിവാക്കാനാവാത്ത കാരണങ്ങളാലാണ് പിരിവ് നീട്ടിയതെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടർ ബി.ടി. ശ്രീധര പറഞ്ഞു.
ബംഗളൂരു- നിദഘട്ട സെക്ഷനിൽ സർവിസ് റോഡുകളുടെ പ്രവൃത്തി പൂർത്തിയാവുന്നതുവരെ ടോൾപിരിവ് നീട്ടിയയതായി മൈസൂരു- കുടക് എം.പി പ്രതാപ് സിംഹ ഇതു സംബന്ധിച്ച ഫോസ്ബുക്ക് പോസ്റ്റിൽപറഞ്ഞു. റോഡ് പ്രവൃത്തി പൂർത്തിയാവുന്നതിന് മുമ്പെ ടോൾ പിരിക്കാനുള്ള ദേശീയ പാത അതോറിറ്റിയുടെ തീരുമാനം യാത്രക്കാരുടെ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.
ബംഗളൂരു മുതൽ മൈസൂരു വരെ 118 കിലോമീറ്റർ വരുന്ന 10 വരി പാതയായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ പ്രവൃത്തി പൂർത്തിയായ ബംഗളൂരു -നിദഘട്ട സെക്ഷനിലെ ആറുവരി പാതയിൽ ടോൾ പിരിക്കാൻ ദേശീയ പാത അതോറിറ്റി തീരുമാനിക്കുകയും വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 56 കിലോമീറ്റർ വരുന്നതാണ് ഈ സെക്ഷൻ.
എന്നാൽ, സർവിസ് റോഡ് പൂർത്തിയാക്കാതെ പ്രധാനപാത മാത്രം തുറന്നു നൽകി ടോൾ പിരിക്കാനുള്ള നീക്കമാണ് ദേശീയപാത അധികൃതർ നടത്തിയത്. കുമ്പളഗോഡിലെ കണിമിണികെയിലാണ് ടോൾ പ്ലാസ തുറക്കുന്നത്. നിദഘട്ട മുതൽ മൈസൂരു വരെ വരുന്ന 61 കിലോമീറ്റർ പാതയിൽ മാണ്ഡ്യ ശ്രീരംഗപട്ടണ കെ. ഷെട്ടിഹള്ളിയിലെ ഗണഗുരുവിൽ രണ്ടാം ഘട്ടത്തിൽ ടോൾ പ്ലാസ തുറക്കും.
കാർ, ജീപ്പ്, വാൻ എന്നിവക്ക് ഒരു വശത്തേക്കുള്ള യാത്രക്ക് 135 രൂപയും ഒരു ദിവസത്തിനകം ഇരുവശത്തേക്കുമുള്ള യാത്രക്ക് 205 രൂപയുമാണ് നിരക്ക്. ഓരോ ടോൾ പ്ലാസയിലും ഫാസ്ടാഗ് സൗകര്യത്തോടെയുള്ള 11 ഗേറ്റുകൾ വീതമുണ്ടാകും. രണ്ടാം ടോൾ പ്ലാസ കൂടി തുറക്കുന്നതോടെ ബംഗളൂരു ഭാഗത്തുനിന്ന് മൈസൂർ ഭാഗത്തേക്ക് പോകുന്ന മലയാളികളടക്കമുള്ള യാത്രക്കാർക്ക് ചെലവേറും. ഓരോ 60 കിലോമീറ്ററിലും ഒരു ടോൾ പ്ലാസ എന്നതാണ് ദേശീയപാത അതോറിറ്റിയുടെ മാർഗനിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.