ബംഗളൂരു: ബംഗളൂരുവിൽനിന്നുള്ള രണ്ട് എക്സ്പ്രസ് വേകളിൽ ഇനി യാത്രക്ക് അധികം പണം മുടക്കേണ്ടിവരും. നൈസ് റോഡിൽ ടോൾ നിരക്ക് വർധിപ്പിച്ചപ്പോൾ ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ രണ്ടാമത്തെ ടോൾ പ്ലാസയുടെ പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച മുതൽ നൈസ് റോഡിൽ ടോൾ തുകയിൽ മാറ്റം വന്നു.
നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് ലിമിറ്റഡ് (നൈസ്) എക്സ്പ്രസ് പാതയിൽ 11 ശതമാനമാണ് ടോൾ നിരക്കിൽ വർധന വരുത്തിയത്. ഹൊസൂർ റോഡിൽ ഇലക്ട്രോണിക് സിറ്റി മുതൽ ലിങ്ക് റോഡുവരെ 41 കിലോമീറ്റർ വരുന്നതാണ് പാത. ബംഗളൂരുവിലെ നഗരത്തിരക്കൊഴിഞ്ഞ് എളുപ്പത്തിൽ മൈസൂരു റോഡിലേക്ക് എത്തിച്ചേരാൻ മലയാളികളടക്കമുള്ള യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. ടോൾ പിരിക്കുന്നത് സംബന്ധിച്ച കരാർ പ്രകാരമാണ് വർധനവെന്ന് നൈസ് റോഡ് അധികൃതർ വിശദീകരിച്ചു.
പുതുക്കിയ നിരക്ക് പ്രകാരം നൈസ് റോഡിൽ 8.74 കിലോമീറ്റർ വരുന്ന ആദ്യ സ്ട്രെച്ചായ ഹൊസൂർ റോഡ് മുതൽ ബന്നാർഘട്ട റോഡ് വരെ കാർ- 50, ബസ്-145, ട്രക്ക്- 100, ബൈക്ക്- 25 എന്നീ നിരക്കിലാണ് പുതിയ ടോൾ. ബന്നാർ ഘട്ട റോഡ്- കനകപുര റോഡ് (6.79 കി.മീ.): കാർ- 40, ബൈക്ക് -15, കനകപുര റോഡ്- ക്ലോവർ ലീഫ് ജങ്ഷൻ (4.36 കി.മീ.): കാർ- 25, ബൈക്ക്- 10, മൈസൂരു റോഡ്- മാഗഡി റോഡ് (9.55 കി.മീ.): കാർ- 55, ബൈക്ക് -25, മാഗഡി റോഡ്- തുമകുരു റോഡ് (7.48 കി.മീ.): കാർ- 45, ബൈക്ക്- 15, ലിങ്ക് റോഡ് (8.10 കി.മീ.): കാർ-60, ബൈക്ക്- 20 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
കർഷകരുടെയും കന്നട അനുകൂല സംഘടനകളുടെയും കനത്ത പ്രതിഷേധത്തിനിടെയാണ് ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ ശ്രീരംഗപട്ടണത്തിനുസമീപം ഗണങ്കൂരിലെ ടോൾ പ്ലാസയിൽ ശനിയാഴ്ച ടോൾ പിരിവ് തുടങ്ങിയത്. കന്നട പതാകകൾ കൈയിലേന്തിയ പ്രവർത്തകർ ശനിയാഴ്ച രാവിലെ തന്നെ ഇവിടെ ധർണ നടത്തിയിരുന്നു. സർവിസ് റോഡുകൾ, തെരുവുവിളക്കുകൾ, സൂചനബോർഡുകൾ, പൊലീസ് സുരക്ഷ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ടോൾ പിരിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണക്കടുത്ത കെ.ഷെട്ടിഹള്ളിയിലാണ് ടോൾ ബൂത്ത്. ശനിയാഴ്ച രാവിലെ എട്ടുമുതൽ മൈസൂരുവിലേക്കുള്ള വാഹനങ്ങളിൽ നിന്നും ബംഗളൂരുവിലേക്കുള്ള വാഹനങ്ങളിൽ നിന്നും ജീവനക്കാർ ടോൾ പിരിവ് തുടങ്ങി. ഫാസ്ടാഗുകൾ പല സമയത്തും പ്രവർത്തിച്ചില്ല. മറ്റ് സാങ്കേതിക പ്രശ്നങ്ങൾ കൂടി ആയതോടെ വാഹനങ്ങളുടെ നീണ്ടനിരയാണ് ടോൾ പ്ലാസയിലുണ്ടായത്. പലപ്പോഴും യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. നേരത്തെ ഈ പാതയിൽ രാമനഗര ബിഡദി കണിമിണികെയിലെ ടോൾ പ്ലാസയിൽ നിന്ന് മാത്രമാണ് ടോൾ പിരിച്ചിരുന്നത്. ഓരോ 60 കിലോമീറ്റർ സ്ട്രെച്ചിലും ടോൾപ്ലാസ എന്നതാണ് എക്സ്പ്രസ് വേകളിൽ ദേശീയ പാത അതോറിറ്റി നയം.
പുതിയ ടോൾപ്ലാസയും പ്രവർത്തനമാരംഭിച്ചതോടെ ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാർ ഗണങ്കൂരിലെ ടോൾ പ്ലാസയിൽ കാർ, ജീപ്പ്, വാൻ എന്നിവക്ക് ഒരുവശത്തേക്ക് 155 രൂപ ടോൾ നൽകണം. ബിഡദിയിലെ ടോൾ പ്ലാസയിൽ കാർ, ജീപ്പ്, വാൻ എന്നിവക്ക് 165 രൂപയാണ് ടോൾ നിരക്ക്. മടക്കയാത്രക്കുള്ള ടോൾകൂടി പരിഗണിക്കുമ്പോൾ ഇരുവശത്തേക്കും 600ലേറെ രൂപ നൽകേണ്ട സാഹചര്യമാണുള്ളത്.
എക്സ്പ്രസ് വേ: മണ്ഡ്യയിലെ ബ്ലാക്ക് സ്പോട്ടുകൾ സന്ദർശിച്ച് എ.ഡി.ജി.പി
ബംഗളൂരു: ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ അപകടങ്ങൾ തുടർക്കഥയായതോടെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി വിഭാഗം എ.ഡി.ജി.പി അലോക് കുമാർ പാതയിൽ പരിശോധന നടത്തി. മണ്ഡ്യയിൽ നിദഘട്ട, മദ്ദൂർ, ഗെജ്ജാലകരെ, ഹനകരെ എന്നിവിടങ്ങളിലെ ബ്ലാക്ക് സ്പോട്ടുകളാണ് എ.ഡി.ജി.പി സന്ദർശിച്ചത്. അശാസ്ത്രീയമായ റോഡ് പ്രവൃത്തിയാണ് അപകടങ്ങൾ വർധിക്കാനിടയാക്കുന്നതെന്നും നിദഘട്ട ജങ്ഷൻ ഭാഗത്ത് പാതയിൽ മതിയായ ഡ്രെയിനേജ് സംവിധാനമില്ലെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു. പാതയിൽ ഇതുവരെ 150ഓളം പേര് അപകടത്തില്‍ മരിച്ചെന്നാണ് കണക്ക്.
അപകടങ്ങൾ കുറക്കാൻ അതിവേഗ പാതയില്‍ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും നിരോധിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. രണ്ടാഴ്ചക്കകം നിരോധനം നിലവിൽവന്നേക്കും. ഓട്ടോകളും ഇരുചക്രവാഹനങ്ങളും സര്‍വിസ് റോഡ് ഉപയോഗപ്പെടുത്തണമെന്നാണ് നിർദേശം.
എക്സ്പ്രസ് വേ ഉദ്ഘാടന സമയത്തുതന്നെ ഇരുചക്രവാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും നിരോധനം ദേശീയപാത അതോറിറ്റി പരിഗണിച്ചിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാൽ തുടര്‍ നടപടികളുണ്ടായില്ല. അനുമതിയുള്ള വേഗപരിധിയേക്കാള്‍ ഉയര്‍ന്ന വേഗത്തിലാണ് ബൈക്കുകള്‍ സഞ്ചരിക്കുന്നതെന്നാണ് കണ്ടെത്തല്‍. ടയറുകള്‍ പൊട്ടിയും നിയന്ത്രണം നഷ്ടപ്പെട്ടുമാണ് പല അപകടങ്ങളുമുണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.