ബംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലെ ടി.ആർ ഫാം ഹൗസിൽ നടന്ന നിശാ പാർട്ടിയിൽ പങ്കെടുത്ത സിനിമ താരങ്ങള്‍ ഉൾപ്പെടെ ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്ത സാമ്പിളുകൾ രാസ പരിശോധനക്കയച്ചതായി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ഡി. ദയാനന്ദ ചൊവ്വാഴ്ച അറിയിച്ചു.
ബംഗളൂരുവിലും ആന്ധ്രയിലുമുള്ള മോഡലുകളും ഐ.ടി രംഗത്തുള്ളവരുമായി 100 പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ജനപ്രതിനിധികൾ ആരും ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടില്ല.ഹൈദരാബാദ് സ്വദേശി വാസു എന്നയാളാണ് ജന്മദിനാഘോഷം എന്ന പേരിൽ പാർട്ടി സംഘടിപ്പിച്ചത്. വിശ്വസനീയ കേന്ദ്രത്തിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ റെയ്ഡിൽ കൊക്കെയിൻ, എം.ഡി.എം.എ ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കൾ പിടികൂടി.തെലുങ്ക് സിനിമ താരങ്ങള്‍ ഉള്‍പ്പെടെ പത്തോളം പേരെ സെൻട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
ഇതിൽ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. പാർട്ടിയിലേക്ക് വലിയ തോതില്‍ ലഹരി മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്നായിരുന്നു സെൻട്രല്‍ ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം.
നിശാ പാർട്ടിയിൽ പ്രമുഖ തെലുങ്ക് സിനിമ താരം ഹേമ പങ്കെടുത്തതായി കമീഷണർ വെളിപ്പെടുത്തി. റെയ്ഡിനെത്തുടർന്ന് നടി പാർട്ടി നടന്ന ഫാം ഹൗസ് പരിസരത്തുനിന്ന് ചെയ്ത വിഡിയോയിലൂടെ തെറ്റായ വിവരം നൽകുകയായിരുന്നു.
താൻ ബംഗളൂരുവിൽ നിശാ പാർട്ടിയിൽ സന്നിഹിതയായി എന്ന രീതിയിൽ വരുന്ന വാർത്തകൾ വിശ്വസിക്കരുത്, സ്വന്തം ഫാമിലാണിപ്പോൾ എന്നായിരുന്നു വിഡിയോ സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.