ബംഗളൂരു: ചൈനയിൽ ആസൂത്രണം ചെയ്ത് ഇന്ത്യയിൽ സൈബർ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ 10 പേരെ ബംഗളൂരു നോർത്ത് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
സയിദ് യഹിയ, ഉമർ ഫാറൂക്, മുഹമ്മദ് മാഹീൻ, മുഹമ്മദ് മുസമിൽ, തേജസ്, ചേതൻ, വാസിം, സയിദ് സെയ്ദ്, സഹി അബ്ദുൽ അനാൻ, ഓം പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ 122 കേസുകളിൽ പ്രതികളാണ്. മൂന്നു പ്രതികളെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും ഏഴുപേരെ ആർ.ടി. നഗറിൽനിന്നുമാണ് പിടികൂടിയത്.
കഴിഞ്ഞ ജൂലൈ മൂന്നിന് 25 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെത്തുടർന്ന് നൽകിയ പരാതിയിലാണ് അറസ്റ്റ്. കേസിലെ മുഖ്യപ്രതികൾ ചൈനയിൽനിന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പീനിയക്കു സമീപം നെലഗദരനഹള്ളിയിൽ തട്ടിപ്പ് സംഘത്തിന് ഓഫിസുണ്ടായിരുന്നു. ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിപ്പിനുള്ള കേന്ദ്രമായിരുന്നു ഇത്.
സമൂഹ മാധ്യമങ്ങൾ വഴിയാണ് പ്രതികൾ ആളുകളെ ആകർഷിച്ചിരുന്നത്. ആഡംബര ഹോട്ടലുകളുടെ റിവ്യൂ ചെയ്താൽ ഒരെണ്ണത്തിന് 150 രൂപ മുതൽ 200 രൂപവരെ നൽകുമെന്ന് വാഗ്ദാനം ചെയ്യും. റിവ്യു ചെയ്യുന്നവർക്ക് ഈ തുക നൽകി വിശ്വാസ്യത നേടും. തുടർന്ന് കൂടുതൽ ലാഭം കിട്ടുമെന്ന് പറഞ്ഞ് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട സ്ത്രീയാണ് പരാതി നൽകിയത്. പ്രതികളിൽനിന്ന് 72 മൊബൈൽ ഫോണുകൾ, 182 ഡെബിറ്റ് കാർഡുകൾ, 133 സിം കാർഡുകൾ, 127 ബാങ്ക് പാസ് ബുക്കുകൾ, 1.74 ലക്ഷം രൂപയുടെ നോട്ടുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ ആന്ധ്രാപ്രദേശ്, ഒഡിഷ, ഡൽഹി, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.