ബംഗളൂരു: തലകുനിക്കണം ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വരയുടെ നാടായ തുമകൂർ. ഒരു വർഷത്തിനിടെ 326 പെൺകുട്ടികളാണ് വിവാഹത്തിന് മുമ്പേ ഗർഭിണികളായതെന്ന് കർണാടക വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.
ഇതില്‍ നാല് പെണ്‍കുട്ടികള്‍ 11 വയസ്സിന് താഴെയുള്ളവരാണ്. വിദ്യാഭ്യാസക്കുറവ്, മൊബൈല്‍ ഫോണ്‍ ദുരുപയോഗം, മാതാപിതാക്കളുടെ അവഗണന എന്നിവ കാരണം കുട്ടികള്‍ തെറ്റായ വഴികളില്‍ സഞ്ചരിക്കുകയും ഇളം പ്രായത്തിൽ അവിഹിത ഗർഭം ധരിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ബലാത്സംഗംമൂലം ഗർഭം ധരിച്ച കേസുകളുമുണ്ട്. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 125 പേർ ജയിലിലായത് സംബന്ധിച്ചും റിപ്പോർട്ട് പരാമർശിക്കുന്നു. ശൈശവ വിവാഹം, പ്രണയത്തിന്റെ പേരിൽ വിവാഹപൂർവ ലൈംഗികത തുടങ്ങിയവ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ ഗർഭധാരണത്തിന് കാരണമാകുന്നതായാണ് റിപ്പോർട്ട് നിരീക്ഷിക്കുന്നത്. അവിഹിത ഗർഭത്തിൽ ജനിച്ച കുഞ്ഞിനെ വിറ്റതും പൊക്കിള്‍ക്കൊടി മുറിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച സംഭവങ്ങളും റിപ്പോർട്ട് വിശദീകരിക്കുന്നു. പോക്സോ കേസ് എന്ന ഒറ്റ വിഭാഗമായാണ് ഇതെല്ലാം പരിഗണിച്ചത്.
പോക്സോ കേസില്‍ ജയിലില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും ഇരയായ പെണ്‍കുട്ടികളുടെ പിതാക്കളും സഹോദരങ്ങളും ബന്ധുക്കളും അധ്യാപകരുമാണ്. റായ്ച്ചൂർ ജില്ലയിലെ ശൈശവ വിവാഹങ്ങള്‍ തടയാൻ വനിത ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി വിവിധ ജില്ലകളിൽ ആരംഭിച്ച പഠനത്തിലാണ് തുമകൂരുവിന്റെ ദുരവസ്ഥ അറിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.