ബംഗളൂരു: നഗരത്തിൽ എച്ച്.ബി.ആർ ലേഔട്ടിലെ താമസസ്ഥലം പ്രാർഥനക്കായി ഉപയോഗിക്കുന്നത് തടയാനാവില്ലെന്ന് കർണാടക ഹൈകോടതി. എച്ച്.ബി.ആർ ലേഔട്ട് നിവാസികളായ സാം പി. ഫിലിപ്പ്, എസ്.കെ. കൃഷ്ണ , ടി.പി. ജഗീശൻ എന്നിവർ ഹൗസിങ് ആൻഡ് അർബൻ ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ്, ബി.ബി.എം.പി, മസ്ജിദ് ഇ-അഷ്റഫിത്ത് എന്നിവയെ എതിർ കക്ഷികളാക്കി നൽകിയ ഹരജി ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് എം.ജി.എസ്. കമൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി.
സ്ഥലമുടമ അയാളുടെ താമസ സ്ഥലത്ത് പ്രാർഥന നിർവഹിക്കുന്നത് തടയുകയോ നിരോധിക്കുകയോ ചെയ്യുന്ന നിയമമുണ്ടോ എന്ന് ആവർത്തിച്ച് ചോദിച്ചിട്ടും ഹരജിക്കാരുടെ അഭിഭാഷകന് മറുപടി നൽകാനായില്ലെന്ന് ബെഞ്ച് വിധിയിൽ ചൂണ്ടിക്കാട്ടി. ഹരജിക്കാരുടെ പരാതി പൊതുതാൽപര്യ ഹരജിയായാണ് കോടതി പരിഗണിച്ചത്.
എച്ച്.ബി.ആർ ലേഔട്ടിലെ താമസസ്ഥലം പ്രാർഥനക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് സമീപവാസികൾക്ക് ശല്യമാവുന്നുണ്ടെന്നുമായിരുന്നു ഹരജിയിലെ വാദം. പ്രാർഥനക്കായി ആളുകൾ കൂടുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ടാവുന്നുണ്ടെന്നും അവർ ആരോപിച്ചു.
എന്നാൽ, ഈ ആരോപണങ്ങളിൽ യുക്തിയോ നിയമമോ ഇല്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രസ്താവനകൾ അനുവദിച്ചു നൽകാനാവില്ല. ഇത്ര സാധാരണമട്ടിൽ പ്രസ്താവന നടത്തരുത്. അടിച്ചുകൂട്ടിയുള്ള ആരോപണങ്ങൾ ഉന്നയിക്കരുത്. നിയമപ്രകാരം എന്തെങ്കിലും ലംഘനങ്ങൾ നടന്നാൽ അത് ചൂണ്ടിക്കാട്ടാം. ആരെങ്കിലും പ്രാർഥിക്കുന്നത് മറ്റുള്ളവർക്ക് ഭീഷണിയാവുന്ന പ്രവർത്തനമാണ് എന്ന് നിങ്ങൾക്കെങ്ങനെ പറയാൻ കഴിയും? - കോടതി ചോദിച്ചു. പള്ളിയുടെ വളപ്പിൽ ഒരു മദ്റസ കെട്ടിടം കൂടി നിർമിച്ചതോടെയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ബി.ബി.എം.പിയുടെ അനുമതിയില്ലാതെയാണ് പുതിയ കെട്ടിടം നിർമിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. ഇതു ശ്രദ്ധയിൽപെട്ട കോടതി, ബി.ബി.എം.പിയുടെ അനുമതിയോടെയേ മദ്റസ കെട്ടിടം നിർമിക്കാവൂ എന്ന് എതിർകക്ഷികളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.