ബംഗളൂരു: വാല്മീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡിയുടെ കസ്റ്റഡിയിൽ കഴിയുന്ന മുൻ മന്ത്രി ബി. നാഗേന്ദ്രയെ ഇ.ഡി. സമ്മർദത്തിലാക്കുന്നെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കേസിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ പലരുടെയും പേര് നാഗേന്ദ്രയെക്കൊണ്ട് പറയിപ്പിക്കാനാണ് ഇ.ഡിയുടെ ശ്രമമെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. വാല്മീകി കോർപറേഷനുമായി ബന്ധപ്പെട്ട ഫണ്ട് തിരിമറി വിവാദത്തിൽ യൂനിയൻ ബാങ്കിന്റെ പരാതിയിൽ സി.ബി.ഐ കേസെടുത്തിരുന്നു. എന്നാൽ, സി.ബി.ഐയിൽനിന്ന് തങ്ങൾക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, സി.ബി.ഐ അന്വേഷണത്തിനൊപ്പം ചേർന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചില നേതാക്കളുടെ പേരുകൾ നാഗേന്ദ്രയെക്കൊണ്ട് പറയിക്കാൻ സമ്മർദം ചെലുത്തുകയാണെന്ന് വിവരം ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.ബി.ഐ സ്വമേധയാ കേസെടുത്തത് മനസ്സിലാക്കാം. എന്നാൽ, വാല്മീകി കോർപറേഷൻ ചെയർപേഴ്സൻ ബസനഗൗഡ ദൊഡ്ഡാലിന്റെയും ബി. നാഗേന്ദ്രയുടെയും വീടുകൾ റെയ്ഡ് ചെയ്തു. ഇരുവരെയും ചോദ്യം ചെയ്യാൻ വിളിച്ച ഇ.ഡി നാഗേന്ദ്രയെ അറസ്റ്റ് ചെയ്തു. മേയ് 26ന് ആത്മഹത്യ ചെയ്ത അക്കൗണ്ട് സൂപ്രണ്ട് പി. ചന്ദ്രശേഖരന്റെ ആത്മഹത്യക്കുറിപ്പിൽ മൂന്നുപേരെയാണ് പരാമർശിച്ചിരിക്കുന്നത്. വാല്മീകി കോർപറേഷൻ എം.ഡി ജെ.ജി. പത്മനാഭ, അക്കൗണ്ടന്റ് പരശുറാം ദുർഗന്നാവർ, യൂനിയൻ ബാങ്ക് എം.ജി റോഡ് ബ്രാഞ്ച് ചീഫ് മാനേജർ എന്നിവരുടെ പേരാണ് കുറിപ്പിലുള്ളത്. ചന്ദ്രശേഖരന്റെ ഭാര്യ കവിത നൽകിയ പരാതിയിലും ഈ മൂന്ന് പേരാണുള്ളത്.
എന്നാൽ, മന്ത്രി നാഗേന്ദ്ര വാക്കാൽ നിർദേശം നൽകിയതുപ്രകാരമാണ് ഫണ്ട് മാറ്റിയതെന്ന് ചന്ദ്രശേഖരന്റെ ആത്മഹത്യക്കുറിപ്പിലുണ്ടെന്ന ആരോപണം പ്രചരിച്ചതോടെയാണ് മന്ത്രി നാഗേന്ദ്ര രാജിവെച്ചതെന്ന് സിദ്ധരാമയ്യ പറഞ്ഞു. യൂനിയൻ ബാങ്കിന്റെ എം.ജി റോഡ് ശാഖയിൽനിന്ന് 187.33 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി. ഇതിൽ 88.63 കോടി രൂപ ഹൈദരാബാദിലെ 18 അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. ഈ സമയം അവർ ഇഡലി തിന്നുകയായിരുന്നോ എന്ന് സിദ്ധരാമയ്യ പരിഹസിച്ചു. ആകെ 217 അക്കൗണ്ടുകളിലേക്കാണ് വാല്മീകി കോർപറേഷന്റെ പണം പോയത്. മുഴുവൻ തുകയും തിരിച്ചുപിടിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഇത്രയും പണം ബാങ്കിൽനിന്ന് പിൻവലിക്കപ്പെട്ടിട്ടും എങ്ങനെയാണ് ബാങ്ക് അധികൃതർ ബോർഡ് മീറ്റിങ് ചേർന്നതെന്ന് സിദ്ധരാമയ്യ അത്ഭുതം കൂറി. സംഘടിത കുറ്റകൃത്യമാണ് നടന്നത്. വാല്മീകി കോർപറേഷൻ അഴിമതിയുടെ പേരിൽ തന്റെ രാജി ആവശ്യപ്പെടുന്ന ബി.ജെ.പി, ബാങ്കിൽ നടന്ന ക്രമക്കേടിന്റെ പേരിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രാജി ചോദിക്കാത്തതെന്തെന്നും ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.