ബംഗളൂരു: ഫാഷിസ്റ്റ് സമഗ്രാധികാരത്തിൽ ശ്വാസം മുട്ടുന്ന മനുഷ്യന്റെ കുതറലുകളിൽനിന്നാണ് പ്രതിരോധത്തിന്റെ സാഹിത്യം രൂപപ്പെടുന്നതെന്നും സാമൂഹിക ഓർമകളെ തിരിച്ചുപിടിക്കുകയാണ് സാംസ്കാരിക പ്രതിരോധത്തിന്റെ വഴിയെന്നും നോവലിസ്റ്റും ചലച്ചിത്രകാരനുമായ വിനോദ് കൃഷ്ണ അഭിപ്രായപ്പെട്ടു. പലമ നവമാധ്യമ കൂട്ടായ്മയുടെ സെമിനാറിൽ ‘സത്യാനന്തര കാലത്തെ സർഗാത്മക പ്രതിരോധം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഗാന്ധിവധം പ്രമേയമാക്കിയ ‘9എംഎം ബെരേറ്റ’ എന്ന നോവലിന്റെ രചയിതാവായ വിനോദ് കൃഷ്ണ.
ജീവിച്ചിരിക്കുന്ന ഗാന്ധിയെക്കാൾ കൊല്ലപ്പെട്ട ഗാന്ധിയെ ഫാഷിസ്റ്റുകൾ ഭയപ്പെടുന്നു. ദുരന്തസമയത്ത് നുണയുടെ നിർമിതികൾ സോഷ്യൽ എൻജിനീയറിങ്ങിലൂടെ ആവർത്തിച്ചുറപ്പിക്കുകയും ജീവിതത്തിൽനിന്ന് സത്യത്തിന്റെ പ്രകാശത്തെ ചോർത്തിക്കളയുകയുമാണ് ഫാഷിസത്തിന്റെ രീതി. സാംസ്കാരിക ഇടതുപക്ഷം കൂടുതൽ ജാഗരൂകമാവേണ്ട കാലമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സത്യാനന്തരബോധം ഉത്തരാധുനികതയുടെ അനുബന്ധമായല്ല കടന്നുവന്നതെന്നും അധികാരലബ്ധിക്കുള്ള കുറുക്കുവഴിയായി സത്യത്തെ വെറും ആപേക്ഷികമായ ഒന്നു മാത്രമാക്കി മാറ്റിനിർത്തുകയാണ് അധീശശക്തികൾ ചെയ്യുന്നതെന്നും അനുബന്ധ പ്രഭാഷണത്തിൽ കവി ടി.പി. വിനോദ് അഭിപ്രായപ്പെട്ടു. ശാന്തകുമാർ ഏലപ്പിള്ളി സെമിനാറിൽ അധ്യക്ഷതവഹിച്ചു. വിനോദ് കൃഷ്ണയുടെയും ടി.പി. വിനോദിന്റെയും രചനാലോകത്തെ ഹസീന ഷിയാസ് പരിചയപ്പെടുത്തി.
കൃഷ്ണമ്മ, സി. കുഞ്ഞപ്പൻ, രതി സുരേഷ് എന്നിവർ കാവ്യാലാപനം നടത്തി. ബി.എസ്. ഉണ്ണികൃഷ്ണൻ, ആർ.വി. ആചാരി, ഗീതാ നാരായണൻ, മുഹമ്മദ് കുനിങ്ങാട്, പൊന്നമ്മ ദാസ്, വിജി ഡാനിയൽ, ജാഷിർ പൊന്ന്യം, വജീദ്, നെൽസൺ, ജീവൻരാജ്, ഒ. വിശ്വനാഥൻ എന്നിവർ സർഗസംവാദത്തിൽ പങ്കെടുത്തു. സുദേവൻ പുത്തൻചിറ സ്വാഗതവും പി.വി.എൻ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.