മംഗളൂരു: കുടകിലെ കാപ്പിത്തോട്ടത്തിൽ വ്യവസായിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ഭാര്യയും കാമുകനും ചേർന്ന് നടത്തിയ കൊലപാതകമാണെന്ന് പൊലീസ്. മൂന്നാഴ്ച മുമ്പാണ് തെലങ്കാന സ്വദേശി വി. രമേശിന്റെ ( 54) മൃതദേഹം കണ്ടെത്തിയത്. ഭാര്യ നിഹാരിക (43), കാമുകൻ വെറ്ററിനറി ഡോക്ടർ നിഖിൽ (40), സുഹൃത്ത് അങ്കൂർ (39) എന്നിവരാണ് അറസ്റ്റിലായത്. രമേശിന്റെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം എട്ടിനാണ് കുടക് സുണ്ടിക്കൊപ്പക്ക് സമീപം കാപ്പിത്തോട്ടത്തില്‍ തിരിച്ചറിയാൻ കഴിയാത്ത വിധം കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ സി.സി.ടി.വിയിൽ പതിഞ്ഞ ചുവന്ന മെഴ്സിഡസ് ബെൻസ് കാർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ തുമ്പ് ലഭിച്ചത്. കൊല്ലപ്പെട്ട രമേശിന്റെ രണ്ടാം ഭാര്യയാണ് എൻജിനീയറിങ് ബിരുദധാരിയായ നിഹാരിക. ഇവരുടെയും രണ്ടാം വിവാഹമാണ്. നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.
ജയില്‍ മോചിതയായ ശേഷമാണ് രമേശിനെ വിവാഹം കഴിച്ചത്. ആഡംബര ജീവിതം നയിച്ച നിഹാരിക എട്ട് കോടി രൂപ ആവശ്യപ്പെട്ടിരുന്നു. രമേശ് നല്കാൻ വിസമ്മതിച്ചു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കാമുകൻ നിഖിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
ഈ മാസം ഒന്നിന് ഹൈദരാബാദിലെ ഉപ്പലില്‍ നിന്ന് രമേശിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 800 കി.മീ അകലെയുള്ള കുടകില്‍ കൊണ്ടുവന്ന് കത്തിക്കുകയായിരുന്നു. ശേഷം പ്രതികള്‍ ഹൈദരാബാദിലേക്ക് മടങ്ങി. പിന്നാലെ രമേശിനെ കാണാനില്ലെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.