ബംഗളൂരു: ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയും പിതാവ് മുൻ മന്ത്രിയും ജെ.ഡി.എസ് എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയും ലൈംഗിക അതിക്രമം കാണിച്ചെന്ന് പരാതി നൽകിയ സ്ത്രീയെ എസ്.ഐ.ടി സംഘം ശനിയാഴ്ച രേവണ്ണയുടെ പി.എ രാജശേഖറിന്റെ ഫാം ഹൗസിൽ കണ്ടെത്തി. ഇവരെ തട്ടിക്കൊണ്ടുപോയതായി മകൻ എച്ച്.ഡി.രാജു (20) മൈസൂരു ജില്ലയിലെ കെ.ആർ.നഗർ പൊലീസിൽ പരാതി നൽകിയിരുന്നു.
രേവണ്ണ ഒന്നാം പ്രതിയും തട്ടിക്കൊണ്ടുപോകാൻ നിയോഗിച്ചതായി പരാതിയിൽ പറയുന്ന സതീഷ് ബാബണ്ണ രണ്ടാം പ്രതിയുമായി കേസും രജിസ്റ്റർ ചെയ്തു.പ്രജ്വൽ രേവണ്ണ മത്സരിക്കുന്ന ഹാസൻ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടന്നതിന്റെ മൂന്ന് ദിവസം മുമ്പ് രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണ കാണണമെന്ന് പറഞ്ഞു എന്നറിയിച്ചാണ് സതീഷ് തന്റെ മാതാവിനെ ആദ്യം കൂട്ടിക്കൊണ്ടുപോയതെന്നാണ് രാജുവിന്റെ പരാതിയിലുള്ളത്. പൊലീസ് എത്ര ആവശ്യപ്പെട്ടാലും രേവണ്ണയുടെ വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു വിടരുതെന്ന് മാതാവിനേയും പിതാവിനേയും താക്കീത് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതിന് സതീഷ് വീണ്ടും എത്തി മാതാവിനെ കൊണ്ടുപോയി. അവർക്കെതിരെ കേസുണ്ട്, വീട്ടിൽ നിന്നാൽ പൊലീസ് പിടിക്കും എന്നുപറഞ്ഞായിരുന്നു അത്. മാതാവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് പരാതിയിൽ പറഞ്ഞത്. രേവണ്ണ അറസ്റ്റിലായതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തിയത്. ഇവരെ ബംഗളൂരുവിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തുമെന്ന് എസ്.ഐ.ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.