ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ കണ്ടക്ടറായി വനിതകൾക്ക് ടിക്കറ്റുകൾ നൽകിയതോടെ കർണാടകയിൽ വനിതകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര നൽകുന്ന ‘ശക്തി’ പദ്ധതിക്ക് തുടക്കമായി. ഇതോടെ ‘മഹിളെയരിഗെ ഉചിത’ (സ്ത്രീകൾക്ക് സൗജന്യം) എന്ന് കന്നടയിൽ സീൽ പതിച്ച ടിക്കറ്റുകൾ സംസ്ഥാനത്തെ സർക്കാർ ബസുകളിലെ സ്ത്രീ യാത്രക്കാർക്ക് കണ്ടക്ടർമാർ നൽകിത്തുടങ്ങി. കർണാടകയിൽ സ്ഥിരതാമസക്കാർക്കാണ് പദ്ധതി. ആധാർ കാർഡ് അടക്കം സംസ്ഥാന-കേന്ദ്രസർക്കാറിന്റെ തിരിച്ചറിയൽ കാർഡുകൾ കാണിക്കണം.
സർക്കാർ പോർട്ടലുകൾ വഴി അപേക്ഷിച്ചാൽ കിട്ടുന്ന ‘ശക്തി സ്മാർട്ട് കാർഡുകൾ’ ഉപയോഗിച്ചാണ് മൂന്നുമാസത്തിനു ശേഷം യാത്ര നടത്താനാകുക. സൗജന്യയാത്ര വിവരം അറിയാത്ത വനിതകളോട് ‘ പണം വേണ്ട, രേഖ കാണിച്ചാൽ മതി’ എന്നാണ് കണ്ടക്ടർമാർ പറയുന്നത്. ഇറങ്ങുന്ന സ്ഥലത്തേക്കുള്ള നിരക്ക് രേഖപ്പെടുത്തിയ ടിക്കറ്റുകളിൽ പ്രത്യേക സീൽ പതിച്ചാണ് നൽകുന്നത്. രേഖകളുടെ ഡിജിറ്റൽ കോപ്പികളും കണ്ടക്ടർമാർ സ്വീകരിക്കുന്നുണ്ട്.
ഭരണസിരാകേന്ദ്രമായ വിധാൻ സൗധയിൽ ഞായറാഴ്ച ഉച്ചക്ക് 1.30 ഓടെ നടന്ന ചടങ്ങിൽ സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവർ അഞ്ച് വനിത യാത്രക്കാർക്ക് ശക്തി സ്മാർട്ട് കാർഡുകളുടെ മാതൃക നൽകിയാണ് ഉദ്ഘാടനം ചെയ്തത്.
മജസ്റ്റിക് സ്റ്റാൻഡിൽ ബംഗളൂരുവിൽ നിന്ന് ധർമശാലയിലേക്കുള്ള ബസിൽ മുഖ്യമന്ത്രി കണ്ടക്ടറായി സ്ത്രീകൾക്ക് സൗജന്യ ബസ് ടിക്കറ്റുകളും നൽകി. അതത് ജില്ലകളിൽ ചുമതലയുള്ള മന്ത്രിമാരും എം.എൽ.എമാരും ഇത്തരത്തിൽ കണ്ടക്ടർമാരായി ജില്ലതല ഉദ്ഘാടനവും നിർവഹിച്ചു. കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നീ നാല് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ സംസ്ഥാനത്തിനകത്ത് ഓടുന്ന സിറ്റി, ഓർഡിനറി, എക്സ്പ്രസ് ബസുകളിലാണ് ആനുകൂല്യം. അന്തർസംസ്ഥാന സർവിസ് നടത്തുന്ന ബസുകളിൽ കർണാടകയുടെ അതിർത്തി വരെ യാത്ര ചെയ്യാം. അതിർത്തി സംസ്ഥാനങ്ങളുടെ അകത്ത് 20 കിലോമീറ്ററും സൗജന്യമായി യാത്ര നടത്താനാകും. ദിനേന 41.8 ലക്ഷം വനിതകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ഓരോ വനിതയും യാത്ര ചെയ്യുന്ന ദൂരം കണക്കാക്കി ആ തുക സർക്കാർ അതത് ട്രാൻസ്പോർട്ട് കോർപറേഷന് നൽകുകയാണ് ചെയ്യുക. ഇതിനായി വർഷത്തിൽ 4,051.56 കോടി രൂപയാണ് വേണ്ടിവരുക. വിദ്യാർഥിനികൾ, ട്രാൻസ്ജെൻഡർമാർ എന്നിവർക്കും ആനുകൂല്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.