തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ ചകോരത്തിനായി ഇത്തവണ രണ്ട് ചലച്ചിത്രങ്ങളാണ് മലയാളത്തിനുള്ളത്. അതിലൊന്നാണ് സഞ്ജു സുരേന്ദ്രന്റെ ‘ഏദൻ’. ഇൗ യുവ സംവിധായകന്റെ ആദ്യ സിനിമയാണിത്. താരകേന്ദ്രീകൃതമല്ല സിനിമയെന്നും അത് സംവിധായകന്റെ മാത്രം കലയാണെന്നും ഉറക്കെ പ്രഖ്യാപിക്കുകയാണ് ഈ തൃശൂർകാരൻ.
•എന്താണ് സഞ്ജു സുരേന്ദ്രന്റെ ഏദൻ? കാലദേശഭേദമില്ലാതെ തുടരുന്ന മനുഷ്യശീലങ്ങളുടെ അകംപൊരുൾ തേടിയുള്ള യാത്രയാണ് ഏദൻ. ‘രാത്രിയാത്ര’എന്ന പേരാണ് ആദ്യം കണ്ടുെവച്ചതെങ്കിലും ചിത്രം പൂർത്തിയായപ്പോഴാണ് ഏദൻ എന്ന പേരിട്ടത്. യുവ കഥാകൃത്ത് എസ്. ഹരീഷിെൻറ കഥകളായ നിര്യാതരായി, മാന്ത്രികവാൽ, ചപ്പാത്തിലെ കൊലപാതകം എന്നിവയാണ് സിനിമക്ക് ആധാരം. വളരെ പ്രാദേശികമാണ് കഥാപരിസരം. ജീവിതത്തിെൻറ ചില അനിശ്ചിതത്വങ്ങളെ, ആശയക്കുഴപ്പങ്ങളെ, സന്ദേഹങ്ങളെയാണ് ഏദനിലൂടെ ഞാൻ ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുള്ളത്.
•‘കപില’യിലൂടെ ദേശീയ അവാർഡ്, ശ്രദ്ധിക്കപ്പെട്ട നിരവധി ഡോക്യുമെൻററികൾ എന്നിട്ടും സ്വന്തമായൊരു സിനിമ ചെയ്യാൻ നീണ്ട വർഷങ്ങൾ. എവിടെയാണ് തടസ്സം നേരിട്ടത്? എന്നെപ്പോലൊരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് നിർമാതാവിനെ ലഭിക്കുന്നത് മുതൽ തുടങ്ങുന്നു വെല്ലുവിളി. പിന്നീട് സ്റ്റാർ വാല്യു. ഏദൻ ശരിക്കുമൊരു നാടോടിക്കഥയാണ്. തിരക്കഥ വായിക്കുമ്പോൾ ഒരിക്കലും അതിലൊരു സൂപ്പർതാരത്തെ കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല. വിപണിക്കുവേണ്ടി അത്തരമൊരു താരത്തെ സൃഷ്ടിക്കാനും ഞാൻ തയാറായില്ല. സിനിമക്കുവേണ്ടി ചില യുവനടിമാരെ സമീപിച്ചിരുന്നു. പക്ഷേ, കഥാപാത്രത്തെക്കാൾ ആരാണ് നായകൻ എന്നതായിരുന്നു അവരുടെ പ്രശ്നം. പിന്നീട് തിരഞ്ഞെടുക്കപ്പെട്ട പല കുട്ടികളും പല കാരണങ്ങൾ പറഞ്ഞ് കൊഴിഞ്ഞുപോയി. മുംബൈ വ്യവസായി മുരളി മാട്ടുമലിെൻറ സഹായം ഇല്ലായിരുന്നെങ്കിൽ നീണ്ടൂരുകാരുടെ കഥ നിങ്ങളിലെത്തില്ലായിരുന്നു. കലാമൂല്യമുള്ള സിനിമകൾ എടുക്കാൻ ധൈര്യമുള്ള നിർമാതാക്കളില്ലാത്തതാണ് മലയാള സിനിമ നേരിടുന്ന വെല്ലുവിളി
•സുവോളജിയായിരുന്നു ബിരുദവിഷയം, എന്നിട്ടും സിനിമയിലേക്ക് എങ്ങനെ? തൃശൂരിലെ ഫിലിം സൊസൈറ്റികളാണ് എന്നെ സിനിമയിലേക്ക് ആകർഷിക്കുന്നത്. ശ്രീ കേരളവർമ കോളജ് കാലം മുതൽ ഐ.എഫ്.എഫ്.കെയിൽ പങ്കെടുക്കുന്നുണ്ട്. ഇവിടെനിന്നുള്ള കാഴ്ചകൾ പിന്നീട് ഭ്രാന്തായി മാറി. ജനകീയസിനിമ ആക്ടിവിസ്റ്റ് സി. ശരത്ചന്ദ്രനെപ്പോലുള്ളവരുടെ കൂട്ടുകെട്ടുമായതോടെ സിനിമ മാത്രം മന്ത്രമായി. പരിസ്ഥിതി പ്രവർത്തകൻ പൊക്കുടനെക്കുറിച്ച്, ‘കണ്ടൽ പൊക്കുടൻ’ (2003) ഡോക്യുമെൻററിയാണ് തുടക്കം. പിന്നീട് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. സന്തോഷ് ശിവന്റെ അസിസ്റ്റൻറായി ജോലി ചെയ്തു. ഇതിനിടെ ‘എക്സ്പ്രസ് വേ’ (2004), ‘സ്ക്രിബിൾസ് ഓൺ ദ സിറ്റി’ (2005), ‘പ്രതിബിംബ്’ (2005), ‘നിഷ’ (2005), ‘റെഡ്യൂസ് റീയൂസ് റീസൈക്കിൾ’ (2006), ‘തീരം’ (2007), ‘ഗുണ്ടർട്ട്- ദ മാൻ’, ‘ദ് ലാംഗ്വേജ്’ (2012), ‘ഗരാസ്’ (2015) തുടങ്ങിയ ഡോക്യുമെൻററികളും ഷോർട്ട്-ഫിക്ഷനുകളും സംവിധാനം ചെയ്തു. 2008ൽ വിബ്ജിയോർ ചലച്ചിത്രമേളക്കും 2009ൽ ഐ.എഫ്.എഫ്.കെക്കും സിഗ്നേച്ചർ ഫിലിം തയാറാക്കി.
•പത്മാവതി, എസ് ദുർഗ സിനിമകൾക്കെതിരെയുള്ള അസഹിഷ്ണുതയെക്കുറിച്ച് ഭീകരമായ സാഹചര്യത്തിലൂടെയാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. സാംസ്കാരിക അടിയന്തരാവസ്ഥക്ക് തുല്യമാണ് ഈ നീക്കങ്ങൾ. സെൻസർഷിപ് എന്ന ആശയംതന്നെ കൊളോണിയലിസത്തിെൻറ ഭാഗമാണ്. പത്മാവതി ഒരു മിത്തോളജിയാണ്. അതിനെ സിനിമയാക്കാൻ പാടില്ലെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്. ഇതെല്ലാം സംവിധായകന്റെയോ അയാളോടൊപ്പം നിൽക്കുന്നവരുടെയോ പ്രശ്നമായി കാണുമ്പോഴാണ് സനൽകുമാർ ശശിധരനെപ്പോലെയും ജയൻ ചെറിയാനെപ്പോലുള്ളവരും വീണ്ടും വീണ്ടും ഇരകളായി മാറുന്നത്. ഇന്ന് ഇവരാണെങ്കിൽ നാളെ നമ്മളിൽ ഓരോരുത്തരും വേട്ടയാടപ്പെടും. അതിന് ഇടവരുത്തരുത്. പ്രതിഷേധിക്കണം. ശക്തമായിതന്നെ.
•കുടുംബം തൃശൂരിലെ മുണ്ടൂരാണ് സ്വദേശം. അച്ഛൻ ഡോ. എം.എൻ. സുരേന്ദ്രൻ. അമ്മ ഗിരിജ സുരേന്ദ്രൻ. സഹോദരൻ ഡോ. സജിത് സുരേന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.